KeralaLatestThiruvananthapuram

പ്രിയസംവിധായകന്‍ സച്ചിയുടെ ജന്മദിനത്തില്‍ അനില്‍ നെടുമങ്ങാട് യാത്രയായി..

“Manju”

പ്രിയസംവിധായകന്‍ സച്ചിയുടെ ജന്മദിനത്തില്‍ അനില്‍ നെടുമങ്ങാട് യാത്രയായി; ചെയ്യാനേറെ കഥാപാത്രങ്ങള്‍ ബാക്കിയാക്കി അനില്‍ അരങ്ങൊഴിയുമ്പോള്‍ മലയാള സിനിമാലോകത്തിന് ഇത് തീരാനഷ്ടം
തിരുവനന്തപുരം: മാറുന്ന മലയാള ചലച്ചിത്ര ലോകത്തിന്റെ മാറ്റത്തിന്റെ മുഖമാകേണ്ടിയിരുന്ന താരമായിരുന്നു അനില്‍ നെടുമങ്ങാട്. ചലച്ചിത്രരംഗത്തേക്ക് അനിലിന്റെ രംഗപ്രവേശം അല്പം വൈകിയായിരുന്നുവെന്നത് പ്രേക്ഷകന്റെ സ്വകാര്യ നഷ്ടമാണ്. അധികം സിനിമകളില്‍ വേഷമിട്ടിട്ടില്ലെങ്കിലും അഭിനയിച്ചതൊക്കെയും അവിസ്മരണീയമാക്കിയ നടനെയാണ് മലയാള സിനിമക്ക് ഇന്ന് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്.
സ്‌കൂള്‍ ഓഫ് ഡ്രാമയിലും എംജി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനില്‍ ടെലിവിഷന്‍ രംഗത്തുനിന്നാണ് തുടങ്ങിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അനില്‍ നെടുമങ്ങാട് എന്ന നടനെ ചലച്ചിത്രലോകം തിരിച്ചറിഞ്ഞു.
ഏറെ ശ്രദ്ധേയമായ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലും അനില്‍ തിളങ്ങി. പിന്നീട് നിരവധി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായി. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന വേഷത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഇദ്ദേഹം സ്വന്തമാക്കി.‘കണ്ടറിയണം കോശി, നിനക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്..’ ഈ ഒറ്റ വാചകം മതി ഈ നടനെ മലയാള സിനിമ എക്കാലവും ഓർത്തുവയ്ക്കാൻ.
പൃഥിരാജ് ചിത്രമായ പാവാട, ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസ്, കമലിന്റെ ആമി, ഷാനവാസ് ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത് തുടങ്ങി 20ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.
തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അനിൽ അപകടത്തിൽപ്പെടുന്നത്. ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ് ഇടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.
ചെയ്യാനേറെ കഥാപാത്രങ്ങള്‍ ബാക്കിവച്ചാണ് 48-ാം വയസില്‍ അനില്‍ നെടുമങ്ങാട് അരങ്ങൊഴിയുന്നത്. അതും വിടപറഞ്ഞ തന്റെ പ്രിയസംവിധായകന്‍ സച്ചിയുടെ ജന്മദിനത്തില്‍…

Related Articles

Check Also
Close
Back to top button