KeralaKollamLatest

ലഹരിയിൽ മുങ്ങി കൊല്ലം

“Manju”

കൊല്ലം • ബെംഗളൂരുവിലെ അജ്ഞാത കേന്ദ്രങ്ങൾ കൊല്ലത്തെ യുവാക്കൾക്കായി ലഹരി പാകപ്പെടുത്തുന്ന തിരക്കിലാണ്. നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നു ടൂറിസ്റ്റ് വീസയിൽ ബെംഗളൂരുവിലെത്തുന്ന സംഘം പ്രത്യേക രാസവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന അതി മാരകമായ ലഹരിമരുന്നുകൾ വൻതോതിലാണു ജില്ലയിലേക്ക് ഒഴുകുന്നത്. ബെംഗളൂരുവിലെയും മറ്റു വൻപട്ടണങ്ങളിലെയും നിശാപാർട്ടിക്ക് ‘എരിവ്’ കൂട്ടാൻ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന എംഡിഎംഎ എന്നറിയപ്പെടുന്ന ലഹരിമരുന്നിന്റെ വരവ് ജില്ലയിൽ അടുത്തകാലത്തു വർധിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ ഇത്തരം അജ്ഞാത കേന്ദ്രങ്ങൾ അനവധിയുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

അവിടെ നിന്ന് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും മറ്റുമായി കേരളത്തിലേക്ക് അയയ്ക്കും. കഴിഞ്ഞയാഴ്ച കൊല്ലം നഗരത്തിൽ ആശ്രാമം ഭാഗത്തുനിന്നു പിടിയിലായ യുവാവ്, എക്സൈസിനോട് ഇത്തരം സംഘങ്ങളെക്കുറിച്ചു നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ആ വഴിക്കുള്ള അന്വേഷണത്തിൽ വരുംദിവസങ്ങളിൽ വഴിത്തിരിവ് ഉണ്ടായേക്കും.

അടുത്തിടെ, എക്സൈസ് പാർട്ടി കൊല്ലം നഗരത്തിലൂടെ പട്രോളിങ് നടത്തവെ, ആശ്രാമം മൈതാനത്തു കൂടി നിൽക്കുന്ന ഒരുപറ്റം ചെറുപ്പക്കാരെ കണ്ടു. സായാഹ്ന സമയത്തെ വെടിപറച്ചിലിന് ഒത്തുകൂടിയതാകാമെന്ന് എക്സൈസ് സംഘം വിചാരിച്ചെങ്കിലും ആ നിൽപ് അത്ര പന്തിയല്ലെന്ന് അധികം വൈകാതെ മനസ്സിലായി. സംഘത്തെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോൾ അവരിൽ ഒരാളുടെ പക്കൽ അതീവ മാരകമായ ഡ്രഗ് പാർട്ടി ലഹരിമരുന്ന്. ബെംഗളൂരുവിൽ പോയി കൊണ്ടുവന്നതാണെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സംഘം ചേർന്ന് ഉപയോഗിക്കാൻ അതിലൊരു പങ്ക് കൊണ്ടുവന്നതായിരുന്നു അയാൾ.

ബെംഗളൂരുവിൽ നിന്നു ലഹരിമരുന്ന് ഒരു ഗ്രാമിന് 10000 രൂപ നിരക്കിലാണു വാങ്ങുന്നത്. മില്ലീഗ്രാമിന് 1000 രൂപ നിരക്കിൽ ചില്ലറ വിൽപന. കോളജ് വിദ്യാർഥികളിൽ ചിലർ ഇതു പതിവായി വാങ്ങുന്നതായും എക്സൈസിനു വിവരം കിട്ടിയിട്ടുണ്ടെന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ: ഐ. നൗഷാദ് പറയുന്നു. മൊബൈൽ ഫോണിൽ സന്ദേശങ്ങളിലൂടെയാണ് പ്രധാനമായും ഇടപാട്. ലഹരിമരുന്ന് ഒരു ഗ്രാം ആണു വേണ്ടതെങ്കിൽ ‘പൗച്ച്’ എന്നു ടൈപ്പ് ചെയ്ത് അയയ്ക്കണം. അര ഗ്രാം മതിയെങ്കിൽ ‘ പോയിന്റ്’ എന്നു സന്ദേശം അയയ്ക്കണം. കൃത്യസമയത്ത് പറഞ്ഞ സ്ഥലത്തു സാധനം എത്തും.

ഒരുകാലത്ത് ലഹരിക്ക് കഞ്ചാവിനെയാണു പ്രധാനമായും ആശ്രയിച്ചിരുന്നതെങ്കിൽ ഇന്നു കാലം മാറി. പുതിയ തലമുറ ലഹരിമരുന്നുകൾ ഇന്നു സുലഭം. സ്കൂൾ- കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് അനവധിയിനം ലഹരിവസ്തുക്കൾ ലഭ്യമാണ്. വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ കച്ചവടം തടസ്സപ്പെട്ടപ്പോഴാണു പൊതുസ്ഥലങ്ങളിൽ കൊണ്ടുവന്നു രഹസ്യമായി വിൽപന. ‘മാജിക് മഷ്റൂം’ എന്നറിയപ്പെടുന്ന ലഹരി കൂൺ വരെ ജില്ലയിൽ വിൽപനയ്ക്കെത്തുന്നുണ്ട്. കൊടൈക്കനാലിൽ നിന്ന് 10000 രൂപയ്ക്കു വാങ്ങിയ 5 ഗ്രാം മാജിക് മഷ്റൂമുമായി 3 പേർ പിടിയിലായിട്ട് അധികകാലമായിട്ടില്ല.

കൊല്ലം നഗരത്തിലെ ഒരു മെഡിക്കൽ സ്റ്റോറിന്റെ ലൈസൻസ് മരവിപ്പിക്കാൻ അടുത്തകാലത്ത് എക്സൈസ് ശുപാർശ ചെയ്തതിന്റെ കഥയറിയണം. വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഗുളികകൾ വൻതോതിൽ കുറിപ്പടിയില്ലാതെ ഇവിടെ വിൽപന നടത്തിയെന്നതിന്റെ പേരിലായിരുന്നു നടപടി. അലോപ്പതി മരുന്ന് മൊത്ത വ്യാപാരിയിൽ നിന്ന്, ഈ മെഡിക്കൽ സ്റ്റോർ ഉടമ വൻതോതിൽ വേദനസംഹാരി ഗുളികകൾ വാങ്ങിയെന്ന വിവരത്തെത്തുടർന്നായിരുന്നു എക്സൈസ് പരിശോധന. രേഖകൾ പരിശോധിച്ചപ്പോൾ ഹോൾ സെയിൽ ആയി വാങ്ങിയ മരുന്നും കടയിലെ സ്റ്റോക്കും തമ്മിൽ വലിയ പൊരുത്തക്കേട്.

അടുത്തകാലത്ത്, കൊല്ലം കോളജ് ജംക്‌ഷനിൽ വച്ച് എക്സൈസ് സംഘം ബൈക്കിൽ വന്ന 2 പേരെ ചോദ്യം ചെയ്തു. അവരുടെ പോക്കറ്റ് പരിശോധിച്ചപ്പോൾ ഒരു ഡോക്ടറുടെ കുറിപ്പടി. കാൻസർ രോഗികൾ ഉൾപ്പെടെ കഴിക്കുന്ന വേദനസംഹാരികളാണ് അതിൽ കുറിച്ചിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിൽ ഈ ഡോക്ടർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നത് 6 വർഷം മുൻപാണെന്ന് എക്സൈസ് കണ്ടെത്തി. ഡോക്ടറുടെ പേരു വച്ച് വ്യാജ കുറിപ്പടി തയാറാക്കി അതു മെഡിക്കൽ സ്റ്റോറിൽ കാണിച്ചു ഗുളിക വാങ്ങി കഴിക്കുന്ന പതിവുകാരായിരുന്നു ആ ചെറുപ്പക്കാർ.

ആശുപത്രിയിലെത്തി ഡോക്ടറുടെ ലെറ്റർഹെഡിന്റെ താളുകൾ മോഷ്ടിച്ച് അതിൽ മരുന്നിന്റെ പേരെഴുതി വ്യാജ സീലും പതിപ്പിച്ചു മെഡിക്കൽ സ്റ്റോറിലെത്തിയ കഥയും എക്സൈസിനു പറയാനുണ്ട്. ചടയമംഗലത്തിനടുത്ത് മടത്തറയിൽ ബൈക്കിൽ വരികയായിരുന്ന രണ്ടംഗ സംഘത്തെ എക്സൈസ് സ്ക്വാ‍ഡ് പിടികൂടി ചോദ്യം ചെയ്തപ്പോൾ അവരിൽ നിന്നു കിട്ടിയത് തിരുവനന്തപുരത്തെ ഒരു സൈക്യാട്രിസ്റ്റിന്റെ ലെറ്റർ ഹെഡ്. അതിൽ മനോദൗർബല്യമുള്ളവർ പതിവായി കഴിക്കുന്ന ഗുളികകളുടെ പേരുകൾ കുറിച്ചിരിക്കുന്നു ! അന്വേഷണത്തിൽ, ഡോക്ടർ അങ്ങനെയൊരു കുറിപ്പടിയേ കൊടുത്തിട്ടില്ലെന്നു വ്യക്തമായി. ഡോക്ടറുടെ കുറിപ്പടി വ്യാജമായി നിർമിച്ചതിനു കേസുമായി.

Related Articles

Back to top button