India

ഇന്ത്യയിൽ ആദ്യമായി സർക്കാർ ജോലി ലഭിച്ച സയാമീസ് ഇരട്ടകൾ

“Manju”

ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ പകച്ചു നിൽക്കുന്നവരെ നാം ധാരാളം കണ്ടിട്ടുണ്ട്. പ്രതിസന്ധികളെ തരണം ചെയ്യുന്നവരും ഉണ്ട്. എന്നാൽ ഇപ്പോൾ സയാമീസ് ഇരട്ടകളെന്നതിന്റെ എല്ലാ പരിമിതികളെയും ഇച്ഛാശ്ശക്തി കൊണ്ട് മറികടന്ന് ഉയരങ്ങളിലേക്ക് കുതിക്കുകയാണ് അമൃത്സറിലെ സോഹ്നയും മോഹ്നയും. സ്വന്തം കാലിൽ നിൽക്കാനുള്ള ഇവരുടെ മോഹം സാഫല്യമായിരിക്കുകയാണ്. ഏത് സർക്കാർ ഓഫീസിൽ ചെന്നാലും ഒരു ഫയൽ നീങ്ങാൻ വൈകിയാൽ, അതിന് പരാതിപെട്ടാൽ എനിക്ക് രണ്ടുകയ്യും കാലുമേയുള്ളു എന്ന് പറയുന്നവരെ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ അമൃതസറിൽ ഊർജ്ജവകുപ്പിൽ ചെന്നാൽ നമ്മെ കാത്തിരിക്കുന്നത് ഒരേ മനസ്സും ശരീരവുമായി പ്രവർത്തിക്കുന്ന സോഹ്നയും മോഹ്നയുമാണ്.

പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പകറേഷന്റെ സപ്ലേ കൺട്രോൾ സംവിധാനത്തിലാണ് 19കാരായ സോഹ്നയും മോഹ്നയും പ്രവർത്തിക്കുന്നത്. ഐടിഐയിൽ നിന്ന് ഇലക്ട്രീഷ്യൻ ഡിപ്ലോമ നേടിയവരാണ് പിങ്കൽവാകര സ്വദേശികളായ ഇവർ. ഈ മാസം 20നാണ് ഇവർ ജോലിയിൽ പ്രവേശിക്കുന്നത്. ഓഫീസിലെ സപ്ലൈ കണ്ട്രോൾ റൂമിലാണ് ഇരുവരും സേവനം നടത്തുകയെന്ന് അധികൃതർ അറിയിച്ചു. ഇവിടത്തെ എല്ലാ ഇലട്രിക്ക് ഉപകരണങ്ങളും ഇവരാണ് ഇനി കൈകാര്യം ചെയ്യുക. തുടക്കത്തിൽ 20,000 രൂപയാണ് ഇരട്ടകൾക്ക് പ്രതിമാസ വേതനമായി ലഭിക്കുക.

അപൂർവ്വങ്ങളിൽ അപൂർവ്വമായ വൈകല്യം ബാധിച്ച രണ്ടുപേർ ഐടിഐയിൽ നിന്ന് ഡിപ്ലോമ നേടിയതായും ഇലക്ട്രീഷ്യന്മാരായി കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നതായും അധികൃതർ അറിഞ്ഞു. നേരിട്ട് കണ്ടപ്പോൾ ഇവർ മികച്ച സാങ്കേതിക ജ്ഞാനമുള്ളവരും നന്നായി പ്രവർത്തിക്കുന്നവരുമാണെന്ന് മനസ്സിലാക്കി. ഇതോടെ വൈകല്യമുള്ളവരുടെ ക്വാട്ടയിൽ ഉൾപ്പെടുത്തി ഇവർക്ക് ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പകറേഷൻ ലിമിറ്റഡിന്റെ എംഡി പ്രസാദ് പറഞ്ഞു.

രണ്ടു തലയും വയറുമുതൽ താഴോട്ട് ഒരുദേഹവുമായ ഇവർ കൈകൾകൊണ്ട് അനായാസം എല്ലാ പ്രവൃത്തിയും ചെയ്യും. സാങ്കേതിക കാര്യത്തിൽ അതീവ മികവു ള്ളവരാണ് സോഹ്നയും മോഹ്നയും. അതിനാൽ തന്നെ ഇവരെ ഈ മേഖലയിലേക്ക് പരിഗണിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലെന്നാണ് അധികൃതർ പറയുന്നത്. മറ്റ് ജീവനക്കാരേക്കാൾ ഇരട്ടി ഊർജ്ജമാണ് ഇരുവർക്കുമെന്ന് ഏറെ സന്തോഷത്തോടേയും ആവേശത്തോടെയുമാണ് സഹപ്രവർത്തകർ പ്രശംസിക്കുന്നത്.

ഒട്ടിച്ചേർന്ന ശരീരമാണെങ്കിലും രണ്ട് ഹൃദയം, രണ്ട് ജോഡി കൈകൾ, വൃക്കകൾ, സ്പൈനൽ കോഡ് എന്നിവയുമായാണ് സോഹ്നയും മോഹ്നയും പിറന്നത്. എന്നാൽ കരൾ, പിത്തസഞ്ചി, പ്ലീഹ എന്നിവ ഇരുവർക്കും പൊതുവായി ഒന്നു മാത്രമേയുള്ളൂ. കാലുകളും ഒരു ജോഡി മാത്രം. 2003 ജൂൺ 14ന് ന്യൂഡൽഹിയിലെ സുചേത കൃപലാനി ആശുപത്രിയിലാണ് ഇരുവരും ജനിച്ചത്. ജനിച്ച അന്ന് മുതൽ പ്രതിസന്ധികളും വേദനകളുമാണ് ഇരുവരും നേരിട്ടത്. സയാമീസ് ഇരട്ടകളാണെന്ന് അറിഞ്ഞ മാതാപിതാക്കൾ ഇവരെ ഉപേക്ഷിച്ചു. ഇരട്ടകളെ പിന്നീട് എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

ഏതെങ്കിലുമൊരാളുടെ ജീവൻ നഷ്ടപ്പെടുമെന്നതിനാലും രക്ഷപ്പെടുന്നയാളുടെ നാഡീവ്യൂഹത്തിനും പുറംകാലുകൾക്ക് ക്ഷയം സംഭവിക്കാൻ സാധ്യതയുണ്ടെന്നതിനാലും ശസ്ത്രക്രിയയിലൂടെ ഇരുവരെയും വേർപെടുത്തേണ്ടെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. എയിംസ് അധികൃതർ പിന്നീട് ഇവരെ പഞ്ചാബിലെ തന്നെ ഒരു അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ആഗ്രഹിച്ച ജോലി കൂടി നേടിയപ്പോൾ ഡബിൾ ഹാപ്പിയാണ് സോഹ്നയും മോഹ്നയും.

Related Articles

Back to top button