IndiaLatest

വിശാഖപട്ടണത്ത് വിവിധ പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

“Manju”

വിശാഖപട്ടണം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 10,500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുകയും നാടിനു സമര്‍പ്പിക്കുകയും ചെയ്തു. വിപ്ലവവീരന്‍ അല്ലുരു സീതാരാമരാജുവിന്റെ 125-ാം ജന്മവാര്‍ഷികവേളയില്‍ ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചത് അനുസ്മരിച്ചാണു പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. വിശാഖപട്ടണം ഏറെ സമ്പന്നമായ വാണിജ്യ-വ്യാപാര പാരമ്പര്യമുള്ള സവിശേഷനഗരമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

പുരാതന ഇന്ത്യയിലെ പ്രധാന തുറമുഖമായിരുന്ന വിശാഖപട്ടണം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ് പശ്ചിമേഷ്യയിലേക്കും റോമിലേക്കുമുള്ള വ്യാപാരപാതയുടെ ഭാഗമായിരുന്നുവെന്നും അത് ഇന്നത്തെ കാലത്തും ഇന്ത്യയുടെ വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നു തറക്കല്ലിടുകയും സമര്‍പ്പിക്കുകയും ചെയ്യുന്ന 10,500 കോടിരൂപയുടെ പദ്ധതികള്‍ അടിസ്ഥാനസൗകര്യങ്ങളിലും ജീവിതസൗകര്യങ്ങളിലും സ്വയംപര്യാപ്തതയിലും പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു വിശാഖപട്ടണത്തിന്റെയും ആന്ധ്രാപ്രദേശിന്റെയും പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനുള്ള മാധ്യമമായി വര്‍ത്തിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെക്കുറിച്ചു പ്രത്യേക പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി, ആന്ധ്രാപ്രദേശിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അര്‍പ്പണബോധവും സമാനതകളില്ലാത്തതായി തുടരുന്നുവെന്നും വ്യക്തമാക്കി.

വിദ്യാഭ്യാസമാകട്ടെ, സംരംഭകത്വമാകട്ടെ, സാങ്കേതികവിദ്യയോ മെഡിക്കല്‍ പ്രൊഫഷനോ ആകട്ടെ, എല്ലാ മേഖലകളിലും ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു പ്രൊഫഷണല്‍ നിലവാരത്തിന്റെ ഫലം മാത്രമല്ല, ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ തുറന്നമനസിന്റെയും സന്തോഷകരമായ പ്രകൃത്തിന്റെയും ഫലംകൂട‌ിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നു ശിലാസ്ഥാപനം നടത്തുന്ന പദ്ധതികളില്‍ സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇതു സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ആക്കംകൂട്ടുമെന്നും പറഞ്ഞു.

Related Articles

Back to top button