KeralaLatest

കോളേജുകളിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഒഴിവാക്കണം

“Manju”

കൊല്ലം: കേരളത്തിലെ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം സംസ്ഥാന സര്‍ക്കാറിന് ശുപാര്‍ശ നല്‍കി. സംസ്ഥാന യുവജന കമ്മീഷന് ജില്ല അദാലത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോവിഡ് കൂടി നിന്നിരുന്ന കാലത്ത് ഡിജിറ്റല്‍ എജുക്കേഷന്‍ സംവിധാനം കേരളത്തില്‍ ആവിഷ്‌കരിച്ചിട്ടും കോളേജുകളില്‍ മൊബൈല്‍ ഫോണിന്റെ നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വിദ്യാര്‍ഥിയായ അമല്‍ ബി. നാഥിന്റെ പരാതിയില്‍ കമ്മീഷന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിന് അടിയന്തര നടപടിക്ക് കമ്മീഷന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്.

ഡിജിറ്റല്‍ വിദ്യാഭ്യാസ സാഹചര്യത്തില്‍ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഓപ്പണ്‍ സോഴ്‌സ് ലേണിങ് പ്ലാറ്റ്‌ഫോമായ മൂഡില്‍ ലേണിങ് മാനേജ്‌മെന്‍റ് സിസ്റ്റം സംവിധാനത്തിലേക്കാണ് സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍ മാറുന്നത്. ഡിജിറ്റല്‍ ലൈബ്രറികള്‍, ഇ-ബുക്ക്, ഇ-ജേണല്‍ എന്നീ സൗകര്യങ്ങള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരുകയാണെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണത്തിനകത്ത് വിവേചനപൂര്‍വമായ ഇളവുവരുത്തണമെന്നും ദുരുപയോഗം ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Related Articles

Back to top button