IndiaLatest

ഉത്തരാഖണ്ഡിലെ തുരങ്ക അപകടം; രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍

“Manju”

കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ അകപ്പെട്ട് പോയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തില്‍. തൊഴിലാളികളുടെ അടുത്തെത്താന്‍ ആറുമീറ്റര്‍ മണ്ണുകൂടി മാറ്റിയാല്‍ മതിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനം നല്‍കുന്ന സംഘമാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് പുറത്തേക്ക് വരാനായി വീതിയുള്ള പൈപ്പുകളാണ് മണ്‍കൂമ്പാരത്തിനിടയിലൂടെ അകത്തേക്ക് തള്ളിവിടുന്നത്. ഒരു മണിക്കൂറില്‍ മൂന്നു മീറ്ററോളം മണ്ണാണ് ഡ്രില്‍ ചെയ്ത് പൈപ്പ് കടത്തിവിടുന്നത്. ഇടയില്‍ ചില ലോഹങ്ങള്‍ ഉള്‍പ്പെടെയുള്ള തടസങ്ങള്‍ ഉണ്ടായെങ്കിലും മെറ്റല്‍ കട്ടറുകള്‍ ഉപയോഗിച്ച്‌ തടസം നീക്കി. ഒരു പൈപ്പ് മണ്ണിലൂടെ കടത്തി വിട്ടതിന് പിറകേ മറ്റുള്ളവ അതിനൊപ്പം വെല്‍ഡ് ചെയ്യുകയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 12 ദിവസമായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന തൊഴിലാളികള്‍ രണ്ടുതവണ മാത്രമാണ് ശരിയായ രീതിയില്‍ ഭക്ഷണം നല്‍കാന്‍ കഴിഞ്ഞത്. ഇത് അവരുടെ ആരോഗ്യത്തെ ബാധിച്ചിരിക്കാം എന്ന ആശങ്കയും ഉയരുന്നുണ്ട്.

ടണലിലെ താപനിലയും പുറത്തെ താപനിലയും തമ്മിലുള്ള വ്യത്യാസവും അവരെ ബാധിക്കാനും സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തന പൈപ്പ് തൊഴിലാളികള്‍ക്ക് അരികില്‍ എത്തികഴിഞ്ഞാല്‍ അവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിനൊപ്പം ഡോക്ടറും തയ്യാറാണ്. മൂര്‍ച്ചയുള്ള അരികുകളാണ് പൈപ്പിനുള്ളത്. ഇതിനാല്‍ എത്തരത്തില്‍ ഇഴഞ്ഞു വേണം പൈപ്പിലൂടെ പുറത്തെത്താനെന്ന നിര്‍ദ്ദേശം എന്‍ഡിആര്‍എഫ് താഴിലാളികള്‍ക്ക് നല്‍കും. സ്‌ട്രെച്ചറുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. 41 ആംബുലന്‍സുകളും തുരങ്കത്തിന് പുറത്ത് തയ്യാറായി നില്‍പ്പുണ്ട്. ഇതുവരെ നാല്‍പതോളം പൈപ്പുകളാണ് ഡ്രില്‍ ചെയ്ത് മണ്ണിലൂടെ കടത്തിവിട്ടിരിക്കുന്നത്.

കേന്ദ്രത്തിന്റെ അഭിമാനമായ ചാര്‍ദാം പ്രോജക്ടിന്റെ ഭാഗമാണ് ഈ തുരങ്കം. ഉത്തരാഖണ്ഡിലെ സില്‍ക്ക്യാര ദാന്‍ദല്‍ഗാവ് എന്നിവയ്ക്ക് ഇടയിലാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്.

 

Related Articles

Back to top button