KeralaLatest

ഉന്തിയ പല്ല് ഗോത്രവര്‍ഗ യുവാവിനു ജോലി നഷ്ടമായി

“Manju”

അട്ടപ്പാടി : ഉന്തിയ പല്ല് അയോഗ്യതയാക്കി യുവാവിന് ജോലി നിഷേധിച്ചത് വിവാദത്തില്‍. അട്ടപ്പാടിയിലെ ഗോത്രവര്‍ഗ യുവാവിനു ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജോലിയാണ് പല്ല് ഉന്തിയതിന്റെ പേരില്‍ നഷ്ടമായത്. പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ വെള്ളിയുടെ മകന്‍ മുത്തുവിനാണു പല്ലിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാതായത്. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണു മുത്തുവിന്റെ പല്ലിനു തകരാറുണ്ടായത്.

ബീറ്റ് ഫോറസ്റ്റ് ഓഫിസറെ നിയമിക്കാനുള്ള പി.എസ്.സിയുടെ സ്പെഷല്‍ റിക്രൂട്മെന്റില്‍ എഴുത്തു പരീക്ഷയും കായികക്ഷമതാ പരീക്ഷയും മറികടന്നാണു മുത്തു മുഖാമുഖത്തിനു പോയത്. ഇതിനു മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. 18,000 രൂപ ചെലവു വരുന്ന ശസ്ത്രക്രിയയിലൂടെ തകരാര്‍ പരിഹരിക്കാമെന്നാണു പറയുന്നത്.

മുക്കാലിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണു മുത്തുവിന്റെ ആനവായ് ഊര്. പൂര്‍ണമായും വനാശ്രിത സമൂഹമാണ് ഊരിലെ കുറുമ്ബര്‍ വിഭാഗം. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലമാണു പല്ല് ചികിത്സിച്ച്‌ നേരെയാക്കാന്‍ കഴിയാതിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. അതേസമയം, ചില പ്രത്യേക തസ്തികകളിലേക്കുള്ള യോഗ്യതകളും അയോഗ്യതകളും സ്പെഷല്‍ റൂളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെന്നു പി.എസ്.സി അറിയിച്ചു. ഇതു കണ്ടെത്തിയാല്‍ ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കും. ഉന്തിയ പല്ല്, കോമ്ബല്ല് (മുന്‍പല്ല്) ഉള്‍പ്പെടെയുള്ളവ അയോഗ്യതയ്ക്കുള്ള ഘടകങ്ങളാണെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍, ഇത്തരം വിഷയങ്ങളില്‍ മാനുഷിക പരിഗണന വേണമെന്നാണ് പൊതുവായ അഭിപ്രായം.

Related Articles

Back to top button