Kerala

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഫാസിസത്തിന്റെ ബീഭത്സമുഖങ്ങള്‍:മുല്ലപ്പള്ളി

“Manju”

 

സ്‌ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പരാജയമാണെന്നും ഇരുവരും ഫാസിസത്തിന്റെ ബീഭത്സമുഖങ്ങളാണെന്നും കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സ്‌ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം രാജ്‌ഭവന്‌ മുന്നില്‍ നിര്‍വഹിച്ച്‌ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

രാജ്യത്ത്‌ പതിനഞ്ച്‌ മിനിട്ടില്‍ ഒരു സ്‌ത്രി എന്നകണക്കില്‍ പീഡിപ്പിക്കപ്പെടുന്നു.ഹത്രാസ്‌ സംഭവം രാജ്യത്തിന്റെ നൊമ്പരമാണ്‌.ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല.സ്‌ത്രീകള്‍ക്ക്‌ എതിരായ പീഡനങ്ങളില്‍ ഉത്തര്‍ പ്രദേശാണ്‌ ഒന്നാം സ്ഥാനത്ത്‌.ക്രൈം കാപ്പിറ്റലായി യുപിമാറിയെന്നാണ്‌ ദേശീയ വനിതാ കമ്മീഷന്റെയും നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌ ബ്യൂറോയുടെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

സ്‌ത്രീകള്‍ക്കും ദളിത്‌-ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുള്ള പീഡനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്താണ്‌.ഇത്‌ ഓരോ മലയാളിക്കും അപമാനമാണ്‌.വാളയാറിലെ രണ്ട്‌ ബാലികമാരുടെ മരണം മുതല്‍ പാലത്തായി പീഡനം വരെയുള്ള കേസുകളില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌.ഈ കേസുകളിലെ പ്രതികളെ പിടികൂടുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടി.ഈ രണ്ടു കേസുകളിലും പ്രതിസ്ഥാനത്ത്‌ സിപിഎമ്മുകാരാണ്‌.വാളയാറിലെ രണ്ടു ബാലികമാരുടെ കുടുംബത്തിന്‌ കോണ്‍ഗ്രസ്‌ എല്ലാ നിയമസഹയവും വാഗ്‌ദാനം നല്‍കിയിട്ടും സിപിഎം അവരെ ഹൈജാക്ക്‌ ചെയ്‌തു.മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ചതിക്കുഴിയില്‍ വീണ ആ പാവപ്പെട്ട കുടുംബം ഇപ്പോള്‍ നീതിക്കായി സെക്രട്ടേറിയറ്റിന്‌ മുന്നില്‍ സത്യാഗ്രഹം ഇരിക്കേണ്ട ഗതികേടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സിനിമാ മേഖലയിലെ പുരുക്ഷമേധാവിത്വത്തിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായ നടിമാര്‍ക്ക്‌ അര്‍ഹമായ പിന്തുണ ലഭിക്കുന്നില്ല.കേരളത്തിലെ പ്രമുഖ നടന്‍മാരില്‍ പലരേയും തനിക്ക്‌ നേരിട്ടറിയാം.മികച്ച അഭിനേതാക്കള്‍ എന്ന നിലയില്‍ അവരോട്‌ തനിക്ക്‌ ബഹുമാനമുണ്ട്‌. സിനിമയില്‍ മനുഷ്യാവകാശങ്ങള്‍ക്ക്‌ വേണ്ടിയും സ്‌ത്രീപീഡനങ്ങള്‍ക്ക്‌ എതിരെയും അവര്‍ നടത്തുന്ന ഡയലോകുകള്‍ മാത്രം പോരാ,സ്‌ത്രീകള്‍ക്ക്‌ എവിടെ വിവേചനം ഉണ്ടായാലും അവിടെയെല്ലം പ്രതികരിക്കാന്‍ തയ്യാറാകണം.അത്മാഭിമാനം വ്രണപ്പെട്ടതിനെ തുടര്‍ന്ന്‌ ഡബിംഗ്‌ ആര്‍ട്ടിസ്റ്റിന്‌ പരസ്യമായി പ്രതികരിക്കേണ്ടിവന്നു.നിയമം കൈയിലെടുക്കുന്ന പ്രതിഷേധത്തോട്‌ ഒരിക്കലും യോജിപ്പില്ലെങ്കിലും അവരെ അത്തരം ഒരു അവസ്ഥതയില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിച്ച ഘടകം സത്രീവിരുദ്ധ നടപടികള്‍ക്കെതിരായ സര്‍ക്കാരിന്റെ നിസംഗഭാവമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സ്‌ത്രീ സുരക്ഷ പ്രസംഗത്തില്‍ മാത്രമല്ല അത്‌ പ്രായോഗികതലത്തില്‍ നടപ്പാക്കിയ പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌.സ്‌ത്രീകളുടെ അവകാശ സംരക്ഷണത്തിനായി എന്നും നിലകൊണ്ട പ്രസ്ഥാനമാണ്‌ കോണ്‍ഗ്രസ്‌. സ്‌ത്രീകള്‍ക്കെതിരേയുള്ള അതിക്രമം തടയാനും സ്‌ത്രീ പീഡനം നടത്തുന്നവരെ വധശിക്ഷയ്‌ക്ക്‌ വിധേയമാക്കാനുമുള്ള ശക്തമായ നിയമനിര്‍മ്മാണം കോണ്‍ഗ്രസ്‌ നടത്തി.നിര്‍ഭയകേസുണ്ടായ സമയത്ത്‌ രാജ്യം കണ്ടതാണ്‌.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ക്ക്‌ സംവരണം ഉറപ്പാക്കി. നേതൃപദവിയിലേക്ക്‌ 25000 ത്തോളം വനിതകളെ കൊണ്ടുവന്ന നേട്ടവും കോണ്‍ഗ്രസിന്‌ മാത്രം ആവകാശപ്പെടാന്‍ കഴിയുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വയനാട്‌ എം.പി രാഹുല്‍ഗാന്ധിക്ക്‌ ഉദ്‌ഘാടന അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്‌.മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ മനസ്സാണ്‌ ഇതിലൂടെ പ്രകടമായത്‌.അഴിമതിയുടെ അപ്പോസ്‌തലന്‍മാരായി മുഖ്യമന്ത്രിയും സിപിഎമ്മും മാറി.

കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ ശരത്‌ ചന്ദ്രപ്രസാദ്‌,മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്‌, എംഎല്‍എമാരായവി.എസ്‌.ശിവകുമാര്‍,ഷാനിമോള്‍ ഉസ്‌മാന്‍,ഡി.സി.സി പ്രസിഡന്റ്‌ നെയ്യാറ്റിന്‍കര സനല്‍, ആര്‍.ലക്ഷി,ഡോ.ആരിഫാ സൈനുദീന്‍,വീണ എസ്‌.നായര്‍ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button