IndiaLatest

ആശങ്കയേറുന്നു, രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 11,929 പേര്‍ക്ക്; മരണം ഒമ്പതിനായിരം കടന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,929 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ ഇന്ത്യയില്‍ ഇത്രയധികം പേര്‍ക്ക് രോഗം ബാധിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,20,922 ആയി. 311 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ മരിച്ചവരുടെ എണ്ണം ഒമ്പതിനായിരം കടന്ന് 9195 ആകുകയും ചെയ്തു. 1,49,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,62,379 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ നഗര, ജില്ലാ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച്‌ അടിയന്തര പദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശം. കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. ഉന്നതാധികാര സമിതിയുടെ നിര്‍ദേശങ്ങള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കാനാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.

മഹാരാഷ്ട്രയില്‍ 1,04,568 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. 3830 മരണവും റിപ്പോര്‍ട്ട് ചെയ്തു. 42,687 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം കണ്ടെത്തിയത്. 397 മരണവുമുണ്ടായി. ഗുജറാത്തില്‍ 23,038 പേര്‍ക്ക് രോഗവും 1448 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button