Kozhikode

ഈ വര്‍ഷം ലക്ഷ്യമിടുന്നത് 10 ലക്ഷം വിത്തുതേങ്ങ സംഭരണം

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കുറ്റ്യാടി മേഖലയില്‍ നിന്ന് ഈ വര്‍ഷം കൃഷി വകുപ്പ് 10 ലക്ഷം വിത്തു തേങ്ങ സംഭരിക്കും. സമീപ കാലത്തെ ഏറ്റവും വലിയ സംഭരണമാണ് 2020-21 വര്‍ഷം ലക്ഷ്യമിടുന്നത്. കാവിലുംപാറ പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന നടപ്പു വര്‍ഷത്തെ വിത്തു തേങ്ങ സംഭരണ അവലോകന യോഗത്തിലാണ് കൃഷി വകുപ്പ് മേധാവികള്‍ ഇക്കാര്യമറിയിച്ചത്.
പശ്ചിമഘട്ട മല നിരകളടങ്ങുന്ന കുറ്റ്യാടി മേഖല കൂരാച്ചുണ്ട്, തലയാട് വരെ നീളുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ്. സംഭരിക്കുന്ന വിത്തു തേങ്ങയ്ക്ക് 80 രൂപ വില ലഭിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 70 രൂപ തോതിലായിരുന്ന സംഭരണ് വില.
അവലോകന യോഗം ഇ.കെ. വിജയന്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി.ശിവരാമകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഉമ്മന്‍ തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ.ഷെര്‍ലി, അസിസ്റ്റന്റ് ഡയറക്ടര്‍ എ. പുഷ്പ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ജി. ജോര്‍ജ്, കര്‍ഷക പ്രതിനിധികളായ എ. ആര്‍. വിജയന്‍, ജോസഫ് കാഞ്ഞിരത്തിങ്കല്‍, ബോബി മൂക്കന്‍തോട്ടം, രാജു തോട്ടുംചിറ, ടി.കെ.നാണു എന്നിവര്‍ സംസാരിച്ചു.
നാളികേര കര്‍ഷകര്‍ക്ക് ഭീഷണിയായി മേഖലയില്‍ കൂമ്പുചീയല്‍ രോഗം വ്യാപകമായി വരുന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും സംഭരണം കാര്യക്ഷമമാക്കുന്നതിന്നാവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

Related Articles

Back to top button