LatestThiruvananthapuram

പ്രതിക്ക് അനുകൂലമായി മൊഴി നല്‍കാനെന്ന പേരില്‍ 25,000 രൂപ കൈക്കൂലി വാങ്ങി: കൊല്ലത്ത് ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിൽ

“Manju”

പ്രതിക്ക് അനുകൂലമായി മൊഴി നല്‍കാനെന്ന പേരില്‍ 25,000 രൂപ കൈക്കൂലി വാങ്ങി:
കൊല്ലത്ത് ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിൽ

കൊല്ലം: പ്രതിക്ക് അനുകൂലമായി മൊഴി നല്‍കാനെന്ന പേരില്‍ 25,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയിലായി.
അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡനക്കേസില്‍ പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാനെന്ന പേരിലാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. 25,000 രൂപ കൈക്കൂലി വാങ്ങവേ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സലീമിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

അഞ്ച് വര്‍ഷം മുന്‍പ് അബ്ദുല്‍ സലീം ചവറ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നപ്പോള്‍ വര്‍ക്കല സ്വദേശി ഫൈസല്‍ പ്രതിയായ സ്ത്രീധന പീഡനക്കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കൊല്ലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിചാരണയിലിരിക്കുന്ന ഈ കേസില്‍ മൊഴി നല്‍കാന്‍ കഴിഞ്ഞയാഴ്ച സലീമിനു കോടതിയില്‍ നിന്നു സമന്‍സ് വന്നു. തുടര്‍ന്നു സലീം ഫൈസലിനെ ഫോണില്‍ ബന്ധപ്പെട്ട് അനുകൂല മൊഴി നല്‍കാന്‍ 25,000 രൂപ ആവശ്യപ്പെട്ടതായാണു പരാതി. ഫൈസല്‍ ഇക്കാര്യം കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി കെ അശോക് കുമാറിനെ അറിയിച്ചു.

കേസ് റജിസ്റ്റര്‍ ചെയ്ത സമയത്ത് ഫൈസലില്‍ നിന്ന് സലീം രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നതായും വിജിലന്‍സിനു വിവരം ലഭിച്ചു. സലീമിനെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button