KeralaLatest

ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പത്രിക സമര്‍പ്പിച്ചത് 290 പേര്‍; കൂടുതല്‍ തിരുവനന്തപുരത്ത്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ 499 പത്രികകള്‍ ലഭിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിക്കപ്പെട്ടത്, 22 എണ്ണം. 20 പത്രികകള്‍ ലഭിച്ച പൊന്നാനിയാണ് തൊട്ടുപിന്നില്‍. ഏറ്റവും കുറവ് ആലത്തൂരാണ്. ആകെ എട്ട് പത്രികകള്‍ മാത്രമേ ഇവിടെ നല്‍കിയിട്ടുള്ളൂ.

തിരുവനന്തപുരം-22, ആറ്റിങ്ങല്‍-14, കൊല്ലം- 15, പത്തനംതിട്ട- 10, മാവേലിക്കര-14, ആലപ്പുഴ- 14, കോട്ടയം- 17, ഇടുക്കി- 12, എറണാകുളം- 14, ചാലക്കുടി- 13, തൃശൂര്‍- 15, ആലത്തൂര്‍-8, പാലക്കാട്-16, പൊന്നാനി- 20, മലപ്പുറം- 14, കോഴിക്കോട്- 15, വയനാട്- 12, കണ്ണൂര്‍- 18, കാസര്‍കോട്- 13 എന്നിങ്ങനെയാണ് പത്രിക സമര്‍പ്പിക്കപ്പെട്ടത്.

വെള്ളിയാഴ്ചയാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടിനാണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം. അതുകഴിയുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയാറാകും.

രാജ്യത്ത് ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന കേരളത്തില്‍ ഏപ്രില്‍ 26നാണു പോളിങ്. ജൂണ്‍ നാലിണു വോട്ടെണ്ണല്‍. രാജ്യത്താകെ 96.6 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ആകെയുള്ളത്. ഇതില്‍ 1.8 കോടി പുതിയ വോട്ടര്‍മാരുമാണ്

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി (33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button