KeralaLatest

മാതൃഭൂമി ശതാബ്​ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

“Manju”

കോഴിക്കോട്​: മാതൃഭൂമി ദിനപത്രത്തിന്റെ ശതാബ്​ദി ആഘോഷങ്ങള്‍ക്ക് കോഴിക്കോട്​​ തുടക്കമായി. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

കൊളോണിയല്‍ ഭരണത്തിനെതിരെ നമ്മുടെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഇന്ത്യയിലുടനീളം സ്ഥാപിതമായ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും മഹത്തായ പാരമ്പര്യത്തിന്റെ പ്രധാന ഭാഗമാണ് മാതൃഭൂമി. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താനാണ് മാതൃഭൂമി പിറന്നതെന്ന്​ അദ്ദേഹം പറഞ്ഞു.‌ യോഗ, ഫിറ്റ്‌നസ്, ബേട്ടി ബച്ചാവോ ബേഠി പഠാവോ തുടങ്ങിയ പദ്ധതികള്‍ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങള്‍ വളരെ പ്രോത്സാഹജനകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ച മാധ്യമമാണ് മാതൃഭൂമിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അയിത്തോച്ചാടനത്തെ പിന്തുണച്ചതും ക്ഷേത്രപ്രവേശനം പോലുള്ളവയെ ഉത്സാഹപൂര്‍വം പ്രോത്സാഹിപ്പിച്ചതുമായ ചരിത്രമാണ് മാതൃഭൂമിക്കുള്ളത്​. ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ അടിച്ചമര്‍ത്തലുകളെ അതിജീവിച്ചുകൊണ്ട് നിലനിന്ന ചുരുക്കം ചില പത്രങ്ങളിലൊന്നാണ് മാതൃഭൂമിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രാര്‍ഥനാ ഗാനത്തോടെയാണ്​ ചടങ്ങുകള്‍ ആരംഭിച്ചത്​. കഥാകൃത്ത് ടി. പത്മനാഭന്റെ നേതൃത്വത്തില്‍ 11 സാംസ്‌കാരികനായകര്‍ ദീപം തെളിയിച്ച്‌ ആഘോഷങ്ങള്‍ക്ക്​ തുടക്കമിട്ടു. ശതാബ്ദിഫലകം ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍നായര്‍ അനാച്ഛാദനം ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, കോണ്‍ഗ്രസ് നേതാവും എം.പി.യുമായ രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ (ഇരുവരും ഓണ്‍ലൈന്‍), മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയര്‍ ബീനാ ഫിലിപ്പ്, എം.കെ. രാഘവന്‍ എം.പി., എളമരം കരീം എം.പി., മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ. മാധവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.

മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ ആമുഖഭാഷണം നടത്തി. ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് സ്വാഗതവും ഡിജിറ്റല്‍ ബിസിനസ് ഡയറക്ടര്‍ മയൂരാ ശ്രേയാംസ് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button