KeralaLatest

35 കോടി കുടശിക: ആരോഗ്യകിരണം പദ്ധതി നിലചെന്ന് ഉമ്മന്‍ ചാണ്ടി

“Manju”

പത്രക്കുറിപ്പ്
4.11.20

മുപ്പത്തഞ്ചു കോടിയിലധികം രൂപ കുടിശിക ആയതോടെ ആരോഗ്യകിരണം പദ്ധതി പൂര്‍ണമായി സ്തംഭിച്ചതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാര്‍ 2013ല്‍ ആവിഷ്‌കരിച്ച ഈ പദ്ധതിയില്‍ പാവപ്പെട്ട കുടുംബങ്ങളിലെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഉണ്ടാകുന്ന എല്ലാ രോഗങ്ങള്‍ക്കും സൗജന്യചികിത്സ ലഭ്യമാണ്. കോവിഡിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം കിട്ടിയ പദ്ധതിയാണ് ഇപ്പോള്‍ സ്തംഭനത്തിലായത്.

ജനങ്ങള്‍ക്ക് ആശ്വാസവും പ്രയോജനവും കിട്ടുന്ന ഇത്തരം പദ്ധതികളെ തഴഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഉദ്ഘാടനങ്ങള്‍ക്കും അതിന്റെ പ്രചാരണത്തിലും വന്‍തുക ചെലവഴിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ മാത്രം 5.31 കോടി രൂപയാണ് കുടിശിക. ആശുപത്രികള്‍ എംപാനല്‍ ചെയ്ത ലാബുകളും സ്‌കാനിംഗ് സെന്ററുകളും ഫാര്‍മസികളും വന്‍ കടബാധ്യതയിലായി. അവരുടെ സേവനവും ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഇവരുടെ കടംവീട്ടാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ നെട്ടോട്ടമോടുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളുടെ വരുമാനവും നിലച്ചിരിക്കുകയാണ്.

18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ലാബ് ടെസ്റ്റുകള്‍, സ്‌കാനിംഗ്, എക്‌സ്‌റേ, മരുന്ന് തുടങ്ങിയവ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന ഈ പദ്ധതി ജനങ്ങളുടെ ഇടയില്‍ വലിയ പ്രചാരം നേടുകയും ചെയ്തിരുന്നു. അതാണ് ഇപ്പോള്‍ നിലച്ചുപോയതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Related Articles

Back to top button