KeralaLatest

പരസ്യത്തിലൂടെ പറ്റിച്ച താരത്തിനും കമ്പനിയ്ക്കും പിഴ

“Manju”

തൃശ്ശൂര്‍: ഉപഭോക്താവിന്റെ പരാതിയില്‍ എണ്ണ കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച താരത്തിനുമടക്കം പിഴയിട്ട് ഉപഭോക്ത്യ കോടതി. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ പരാതിയിലാണ് നടന്‍ അനൂപ് മേനോന്‍, ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, ഡീലറായ മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചത്. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമയ്ക്ക് മൂവായിരം രൂപയാണ് പിഴ വിധിച്ചത്.

ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നും വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു മറുപടി.

ആറാഴ്ച കൊണ്ട് മുടി വളരുമെന്ന വാഗ്ദാനം നല്‍കിയ പരസ്യം കണ്ടാണ് ഫ്രാന്‍സിസ് ധാത്രി കമ്ബനിയുടെ എണ്ണ സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. അനൂപ് മേനോനായിരുന്നു പരസ്യത്തില്‍ അഭിനയിച്ചത്. പരസ്യം കണ്ട് വിശ്വസിച്ച്‌ സ്ഥിരമായി എണ്ണ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഫലം ഒന്നും കണ്ടില്ല. നാട്ടുകാരടക്കം കളിയാക്കി തുടങ്ങിയതോടെയാണ് പരാതിയുമായി ഹെയര്‍ ഓയില്‍ കമ്ബനിയെ തന്നെ സമീപിക്കാന്‍ തീരുമാനിച്ചതെന്നാണ് പരാതിക്കാരനായ ഫ്രാന്‍സിസ് ന്യൂസ്18 മലയാളത്തോട് പറഞ്ഞത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധാത്രി കമ്പനിക്ക് ആദ്യം നോട്ടീസ് അയച്ചെങ്കിലും അവരുടെ നിഷേധാത്മക നിലപാട് കൊണ്ടാണ് കേസുമായി മുന്നോട്ട് പോയതെന്നാണ് അദ്ദേഹം പറയുന്നത്. ‘പ്രൊഡക്റ്റ് ഉപയോഗിച്ചിട്ട് മുടി വളരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷയിലാണ് ഹെയര്‍ ഓയില്‍ വാങ്ങിയത്. ഫലം കിട്ടാതെ ആയതോടെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നോട്ടീസ് കിട്ടിയ കമ്പനി അവരുടെ അഡ്വക്കേറ്റ് മുഖെന മറുപടി അയച്ചു. നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാനുള്ള അധികാരം ഇല്ല. ഞങ്ങള്‍ക്കെതിരെ കേസ് കൊടുത്താല്‍ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ കേസ് കൊടുക്കും. ക്ലെയിം ചെയ്യാനോ നഷ്ടപരിഹാരം അവകാശപ്പെടാനോ നിങ്ങള്‍ക്ക് അവകാശമില്ലെന്നും പറഞ്ഞു ഇതോടെയാണ് സ്യൂട്ട് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്’ എന്നാണ് ഫ്രാന്‍സിസ് പറയുന്നത്.

തുടര്‍ന്ന് തൃശ്ശൂരിലെ അഭിഭാഷകനായ എ.ഡി.ബെന്നി വഴി സ്യൂട്ട് ഫയല്‍ ചെയ്തു. ‘ഏത് പരസ്യം ആയാലും നമ്മളെ പറ്റിക്കല്‍ തന്നെയാണ്. ഇവിടെ സ്വന്തമായി അനുഭവം വന്നപ്പോള്‍ പ്രതികരിക്കാം എന്നു തീരുമാനിച്ചു. ആദ്യ സിറ്റിംഗ് കഴി‍ഞ്ഞപ്പോള്‍ കമ്പനി ഒത്തുതീര്‍പ്പിലെത്താമെന്ന് പറഞ്ഞെങ്കിലും നൂറു രൂപയെങ്കിലും നഷ്ടപരിഹാരം വാങ്ങുമെന്ന് പറഞ്ഞു. കാരണം അവരുടെ അഭിഭാഷകന്റെ മറുപടി ഇഷ്ടമായില്ല. ആ ഒറ്റകാരണം കൊണ്ടാണ് മുന്നോട്ട് പോയത്. ഇപ്പോള്‍ ഏഴുവര്‍ഷത്തിന് മുകളില്‍ ആയി’.

‘പരസ്യത്തില്‍ അഭിനയിക്കുന്നവര്‍ കൂടി ഒരു കാര്യം മനസിലാക്കണം. ഉപയോഗിക്കുന്ന വസ്തു ശരിയാണോ അല്ലയോ എന്ന് പരസ്യക്കാരന്‍ ആദ്യം പഠിക്കട്ടെ എന്നിട്ട് മതി ജനങ്ങളെ പിടിക്കല്‍. ഏത് പ്രൊഡക്‌ട് ആയാലും പരസ്യം ചെയ്യുന്ന വ്യക്തിക്ക് ആ പ്രൊഡക്ടുമായി ഒരു ബന്ധവുമില്ലെന്ന് കോടതിയില്‍ വച്ച്‌ അനൂപ് മേനോന്‍ പറഞ്ഞപ്പോള്‍ തന്നെ വ്യക്തമായി. ഞാന്‍ ആ സാധനം ഉപയോഗിച്ചിട്ട് പോലും ഇല്ലെന്നാണ് അയാള്‍ കോടതിയില്‍ പറഞ്ഞത്. ഇല്ലാത്തത് പറഞ്ഞ് ഉപഭോക്താവിനെ പറ്റിച്ച്‌ ഓരോ കമ്പനിയും ഓരോ തരത്തില്‍ പറ്റിച്ചു കൊണ്ടിരിക്കുകയാണ്. നഷ്ടപരിഹാരം നേടിയെടുക്കാനായല്ല കേസുമായി മുന്നോട്ട് പോയത് പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. പരസ്യം കണ്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പലരും അതിന്റെ ഗുണനിലവാരം നോക്കാറില്ല. ഇത്തര പരസ്യങ്ങള്‍ക്കെതിരെ ഒരു സന്ദേശം കൂടി നല്‍കാനാണ്’ ഫ്രാന്‍സിസ് വ്യക്തമാക്കി.

‘പുതിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്‌ട് അനുസരിച്ച്‌ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ഒരു പ്രൊഡക്‌ട് എന്‍ഡോസ് ചെയ്യുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആ ആള്‍ ബാധ്യസ്ഥനാണ് എന്നാണ് ഫ്രാന്‍സിസിന്റെ അഭിഭാഷകനായിരുന്ന എ.ഡി ബെന്നി പറയുന്നത്. ‘ഗുണനിലവാരം പരീക്ഷിച്ച്‌ നോക്കിയ ശേഷം അല്ലെങ്കില്‍ അതിനെക്കുറിച്ച്‌ കൃത്യമായി ബോധം ഉണ്ടായതിന് ശേഷം മാത്രമെ ആ പ്രൊഡക്‌ട് എന്‍ഡോസ് ചെയ്യാന്‍ പാടുള്ളു.

പ്രൊഡക്‌ട് വാങ്ങി ഉപയോഗിച്ച്‌ ഫലം കാണ്ടാത്തതിനെ തുടര്‍ന്ന് അനൂപ് മേനോനെ പ്രതി ചേര്‍ത്തു. ധാത്രി കമ്ബനിയെ പ്രതി ചേര്‍ത്തു, ഡീലറെ പ്രതി ചേര്‍ത്തു. ഞാനീ ഉത്പ്പന്നം ഉപയോഗിച്ചിട്ടില്ല അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കുന്നത് എന്നാണ് വിസ്താര സമയത്ത് അനൂപ് മേനോന്‍ പറഞ്ഞത്’.

രണ്ട് കൂട്ടരോടും പതിനായിരം രൂപ പിഴ നല്‍കാനാണ് കോടതി പറഞ്ഞത്. പൈസയുടെ മൂല്യമല്ല ഇത് പൊതുജനങ്ങള്‍ക്കുള്ള ഒരു സന്ദേശം കൂടിയാണ്. ഇത്തരത്തില്‍ പരസ്യത്തില്‍ അഭിനയിച്ച ഒരു താരത്തിന് പിഴ ഒടുക്കേണ്ടി വരുന്ന സംഭവം കേരളത്തില്‍ തന്നെ ആദ്യമാണെന്നതാണ് കരുതുന്നതെന്നും അഡ്വ.ബെന്നി പറയുന്നു. പല പ്രമുഖ താരങ്ങള്‍ക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും പലതും നോട്ടീസീല്‍ മാത്രം ഒതുങ്ങുകയോ അല്ലെങ്കില്‍ ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്യാറാണ് പതിവ്.

2014 ല്‍ ഫയല്‍ ചെയ്ത പരാതിയില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധിയെത്തുന്നത്. ഇത്രയും വര്‍ഷങ്ങള്‍ ആയെങ്കിലും പോരാട്ടം വിജയം കണ്ട് ഒരു സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പരാതിക്കാരനും അഭിഭാഷകനും.

Related Articles

Back to top button