IndiaLatest

അർണബ് കസ്റ്റഡിയിൽ ഫോൺ ഉപയോഗിക്കുന്നതായി ആക്ഷേപം

“Manju”

മുംബൈ• ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി കസ്റ്റഡിയിൽ അനധികൃതമായി ഫോൺ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തി. മൊബൈൽ പിടിച്ചെടുത്ത പൊലീസ് അർണബിനെ അലിബാഗിലെ ക്വാറന്റീൻ കേന്ദ്രത്തിൽനിന്ന് തലോജ ജയിലിലേക്കു മാറ്റി. കസ്റ്റഡിയിലായവരെ ക്വാറന്റീനിൽ വയ്ക്കുന്നതിന് അലിബാഗിലെ സ്കൂളിൽ താൽക്കാലികമായി തയാറാക്കിയ കേന്ദ്രത്തിലായിരുന്നു അർണബ് ഇതുവരെ.

ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ തുടർന്നും സമൂഹമാധ്യമങ്ങളിൽ സജീവമായതു ശ്രദ്ധയിൽപ്പെട്ട റായ്ഗഢ് ക്രൈംബ്രാഞ്ചിന്റെ നിർദേശ പ്രകാരം പൊലീസ് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് രഹസ്യമായി സുഹൃത്തിന്റെ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. നേരത്തേ സുരക്ഷാ പ്രശ്നങ്ങളാലാണ് ജയിലിലേക്കു മാറ്റിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നവംബർ നാലിനാണ് അർണബ് ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലായത്. അലിബാഗിലെ ജയിലർ ഉപദ്രവിച്ചെന്നും, തലോജ ജയിലിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനിൽനിന്ന് അർണബ് വിളിച്ചു പറഞ്ഞു. തന്റെ ജീവൻ അപകടത്തിലാണ്. അഭിഭാഷകനുമായി സംസാരിക്കാൻ സമ്മതിക്കുന്നില്ലെന്നും അർണബ് പറഞ്ഞു.

അതിനിടെ, അടിസ്ഥാനരഹിതമായ കുറ്റം ചാർത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ സമ്യബ്രതറായ് ഗോസ്വാമി പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ഇന്നു രാവിലെ എന്റെ ഭർത്താവിനെ, നാലു ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിക്കു ശേഷം, തലോജ ജയിലിലേക്കു മാറ്റി. ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അർണബിനെ മഹാരാഷ്ട്ര പൊലീസ് കൊണ്ടുപോയത്. പൊലീസ് വാനിനകത്ത് എന്താണു സംഭവിക്കുന്നതെന്നു പോലും അറിയാനാകാത്ത അവസ്ഥയായിരുന്നു. ജീവൻ അപകടത്തിലാണെന്ന് പല തവണ അദ്ദേഹം പറഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ല. അഭിഭാഷകനെ കാണണമെന്നു പറ‍ഞ്ഞപ്പോഴെല്ലാം ജയിലർ മർദിക്കുകയായിരുന്നു…’ പ്രസ്താവനയിൽ പറയുന്നു.

അർണബിനു വേണ്ടി തലോജ ജയിലറെ കണ്ടതായി ബിജെപി മുൻ എംപി കിരിത് സോമയ്യ പറഞ്ഞു. അർണബിനു നേരെ ഉപദ്രവമുണ്ടാകില്ലെന്നും മെഡിക്കൽ സേവനം ഉൾപ്പെടെ ലഭ്യമാക്കുമെന്നും ജയിലർ ഉറപ്പു നൽകിയതായും കിരിത് പറഞ്ഞു. നിലവില്‍ ബിജെപി മഹാരാഷ്ട്രയിലെ ബിജെപി ഉപാധ്യക്ഷനാണ് ഇദ്ദേഹം. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നവംബർ നാലിനാണ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് അർണബിനെയും ഒപ്പം അറസ്റ്റിലായ രണ്ടു പേരെയും നവംബർ 18 വരെ കോടതി റിമാൻഡ് ചെയ്തത്. തുടർന്നാണ് ഇവരെ സ്കൂളിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റിയത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് അർണബിന്റെ ഇടക്കാല ജാമ്യഹർജി ബോംബെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

Related Articles

Back to top button