KeralaLatest

ബ്ലാക്ക് ഫംഗസ്‍: പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പതിനഞ്ചു പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് ബാധിച്ച പ്രമേഹരോഗികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദേശം. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് ബാധയെക്കുറിച്ച്‌ വിശദീകരിച്ചു.

പ്രമേഹ രോഗമുള്ളവര്‍ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ രോഗത്തെ ചികിത്സിക്കണം. കൊവിഡ് ബാധിച്ച പ്രമേഹ രോഗികളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് മ്യൂകര്‍മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്ന രോഗബാധയുണ്ടാകുന്നത്. വീടുകള്‍ക്ക് അകത്തും പുറത്തുമായി ചുറ്റുപാടുകളില്‍ പൊതുവേ കാണുന്ന ഒരുതരം പൂപ്പലാണിത്. ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ ഒരു രോഗമല്ല.

നേരത്തേ തന്നെ ലോകത്തില്‍ ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് ഈ രോഗബാധ പൊതുവില്‍ അപകടകാരിയായി മാറുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരിലും കാന്‍സര്‍ രോഗികളിലും പലപ്പോഴും ഈ രോഗം കണ്ടുവരാറുണ്ട്. ഇന്ത്യയിലെ പ്രമേഹ രോഗികളില്‍ 47 ശതമാനം പേരിലും രോഗാവസ്ഥ മൂര്‍ച്ഛിക്കുന്ന ഘട്ടത്തിലാണ് പ്രമേഹം കണ്ടെത്തുന്നത്. രോഗം കണ്ടെത്തുന്നവരില്‍ 25 ശതമാനം ആളുകളില്‍ മാത്രമാണ് പ്രമേഹം നിയന്ത്രണ വിധേയമായിട്ടുള്ളത്. അതുകൊണ്ട് മ്യൂകര്‍മൈകോസിസ് പ്രമേഹ രോഗികള്‍ക്കിടയില്‍ അപകടകരമായി മാറുന്ന സ്ഥിതിവിശേഷം ഇന്ത്യയിലുണ്ട്.

കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ത്തന്നെ മഹാരാഷ്ട്രയില്‍ കൊവിഡുമായി ബന്ധപ്പെട്ടു മ്യൂകര്‍മൈകോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. നിയന്ത്രണാതീതമായ പ്രമേഹമുള്ളവരിലാണ് കൂടുതലായും ഈ രോഗം കണ്ടെത്തിയത്. സ്റ്റിറോയ്ഡുകളോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകളോ ചികിത്സയ്ക്കായി ഉപയോഗിക്കുമ്ബോള്‍ ഈ രോഗം ഗുരുതരമായി പിടിപെടാം. മഹാരാഷ്ട്രയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ കേരളം അതിനെതിരെയുള്ള ജാഗ്രത ആരംഭിച്ചതാണ്. കേരളത്തില്‍ ഇതുവരെ 15 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതു സാധാരണ കണ്ടുവരുന്നതിനേക്കാള്‍ കൂടുതലല്ല. കാരണം 2019ല്‍ 16 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

രണ്ടാമത്തെ തരംഗത്തില്‍ പല സംസ്ഥാനങ്ങളിലും മ്യൂകര്‍മൈകോസിസ് കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ ഘട്ടത്തില്‍ ജാഗ്രത കൂടുതല്‍ ശക്തമാക്കണം. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല ഇത്. അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടേണ്ട. നിര്‍ദേശങ്ങള്‍ക്കായി ഇ സഞ്ജീവനി സോഫ്റ്റ്‌വെയര്‍ വഴി ഡോക്ടര്‍മാരുമായി ബന്ധപ്പെടാം. സ്റ്റിറോയ്ഡുകള്‍ കൊവിഡ് കാലത്ത് ജീവന്‍രക്ഷാ മരുന്നുകള്‍ ആണ്. പക്ഷേ, ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകള്‍ക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കില്‍ നിന്നും കറുപ്പ് നിറത്തിലുള്ള ദ്രവം പുറത്തു വരിക എന്നതാണ് രോഗലക്ഷണങ്ങള്‍.

Related Articles

Back to top button