Latest

ചന്ദ്രയാൻ-3 അടുത്ത വർഷം;  ഐ എസ് ആർ ഒ

“Manju”

ന്യൂഡൽഹി: ഐ എസ് ആർ ഓയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-3, 2023ൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ അറിയിച്ചു. ഗഗൻയാൻ പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. സ്പേസ് ടൂറിസത്തിനായി ഐ എസ് ആർ ഒ തയ്യാറാക്കിയ സാങ്കേതിക പദ്ധതികളുടെ പ്രായോഗിക പരീക്ഷണങ്ങൾ ഉടൻ ഉണ്ടാകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും പദ്ധതിയിൽ സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ബഹിരാകാശ ഗവേഷണത്തിന്റെ വിവിധ തുറകളിൽ 61 രാജ്യങ്ങളുമായി ഐ എസ് ആർ ഒ സഹകരിക്കുന്നുണ്ട്. ഗഗൻയാൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പരിശോധനകളും ഈ വർഷം ഉണ്ടാകും. പദ്ധതിയുടെ സുരക്ഷാ സംവിധാനങ്ങളുടെ പരീക്ഷണങ്ങൾ നടന്നു വരികയാണെന്ന് ഐ എസ് ആർ ഒ നേരത്തേ അറിയിച്ചിരുന്നു.

2023 ആദ്യ പാദത്തിൽ ചന്ദ്രയാൻ-3 വിക്ഷേപിക്കാൻ സാധിക്കും എന്നാണ് ഐ എസ് ആർ ഒ കണക്ക് കൂട്ടുന്നത്. ചന്ദ്രയാൻ-2ന്റെ തുടർ പദ്ധതിയാണ് ചന്ദ്രയാൻ-3. ഇന്ത്യയുടെ പ്രഥമ സൗര ഗവേഷണ പദ്ധതിയായ ആദിത്യ എൽ-1 അടുത്ത വർഷം ഉണ്ടാകുമെന്ന് ഐ എസ് ആർ ഒ അറിയിച്ചിരുന്നു. സൂര്യന്റെ കൊറോണയിലെ പിണ്ഡ ബഹിർഗമനം, സൗര കൊടുങ്കാറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്താനുള്ള ദൗത്യമാണ് ആദിത്യ എൽ-1.

Related Articles

Back to top button