KeralaLatest

ടൗട്ടെ ചുഴലിക്കാറ്റില്‍ മുങ്ങിയ ബാര്‍ജ് പി305 കടല്‍ത്തട്ടില്‍ കണ്ടെത്തി

“Manju”

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജ് പി 305 കടല്‍ത്തട്ടില്‍ കണ്ടെത്തി. കാണാതായ ഇരുപതുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നാവിക സേന ഇന്നും തുടരും. പി305 ബാര്‍ജിലുണ്ടായിരുന്ന 9 പേരെയും ടഗ്‌ബോട്ട് വരപ്രദയിലുണ്ടായിരുന്ന 11 പേരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവില്‍ പി305ലുള്ള 66 പേരുടെ മൃതദേഹം കണ്ടെത്തി. ആറ് പേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തി.

ഐഎന്‍എസ് മകറില്‍ നടന്ന പരിശോധനയിലാണ് ബാര്‍ജ് കണ്ടെത്തിയത്. തിരച്ചിലിനുവേണ്ടി നേവിയുടെ ഡൈവിങ് ടീമിനെ നിയോഗിക്കും. ഇതവുരെ 66 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് നാവികസേന വക്താവ് പറഞ്ഞു. പി305ലുണ്ടായിരുന്ന 261 പേരില്‍ 186 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഒമ്ബതുപേരെ കണ്ടുകിട്ടിയിട്ടില്ല. ടഗ്‌ബോട്ടില്‍ 13 പേരുണ്ടായിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി. പതിനൊന്നു പേരെ കാണാതായി.

മൃതദേഹങ്ങള്‍ ജീര്‍ണിച്ചുതുടങ്ങിയതിനാല്‍ ബന്ധുക്കളുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്യാന്‍ പരിശോധയ്ക്കയച്ചിരിക്കുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ മുംബൈ പോലിസിന് കൈമാറി. അതില്‍ 41 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മുംബൈ തുറമുഖത്തുനിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെയാണ് പി 305 മുങ്ങിയത്.

ഒഎന്‍ജിസിയ്ക്കുവേണ്ടി കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കമ്ബനിയുടേതാണ് ബാര്‍ജ്. ഓഫ്‌ഷോര്‍ ട്രഞ്ചിങ് നത്തിക്കൊണ്ടിരുന്ന സമയത്താണ് അപകടത്തില്‍പെട്ടത്. നാവികസേനയുടെ ടഗ്ഗുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ യുദ്ധക്കപ്പലുകളായ ഐന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നിവയാണ് തിരച്ചില്‍ നടത്തിയത്.

ഇതിനിടയില്‍ പി 305ന്റെ കാപ്റ്റനെതിരേ കേസെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട ബാര്‍ജ് എഞ്ചിനിയര്‍ മുസ്തഫിസുര്‍ റെഹ്‌മാന്‍ ഷേക്ക് നല്‍കിയ പരാതിയിലാണ് കാപ്റ്റന്‍ രാകേഷ് ബല്ലവും ഏതാനും ഉദ്യോഗസ്ഥരെയും കേസെടുത്തത്. ചുഴലിക്കാറ്റ് മുന്നറിയിപ്പു ലഭിച്ചിട്ടും കാപ്റ്റനും മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കിയില്ലെന്നാണ് കേസ്.

Related Articles

Back to top button