Uncategorized

ലോക്ക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധി; പ്ലസ് ടു ഒന്നാം റാങ്കുകാരി ജീവനൊടുക്കി

“Manju”

ലോക്ക്ഡൗണിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 19കാരി ആത്മഹത്യ ചെയ്തു. തെലങ്കാന രംഗറെഡ്ഡി ജില്ലയിൽ താമസിക്കുന്ന ഐശ്വര്യ റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. നവംബർ 2നാണ് ഐശ്വര്യയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തെലങ്കാന പ്ലസ് ടു പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനിയാണ് ഐശ്വര്യ.
ഡൽഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഐശ്വര്യ ഓട്ടോ മെക്കാനിക് ആയ ശ്രീനിവാസ് റെഡ്ഡിയുടെയും തയ്യൽത്തൊഴിലാളിയായ സുമതിയുടെയും രണ്ട് മക്കളിൽ ഇളയ കുട്ടിയായിരുന്നു. ഐശ്വര്യയുടെ സഹോദരിക്ക് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ ഹോസ്റ്റൽ വാടക നൽകാൻ കഴിയാതെ വന്നതോടെ ഐശ്വര്യക്ക് ഹോസ്റ്റലിൽ നിന്ന് ഒഴിയേണ്ട സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് ഐശ്വര്യ ആത്മഹത്യാ കുറിപ്പിൽ എഴുതി. സ്വന്തമായി ലാപ്ടോപ്പ് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ കൃത്യമായി പങ്കെടുക്കാൻ കഴിയാത്തതും ഐശ്വര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു. ‘ലാപ്‌ടോപ്പ് ഇത്ര അത്യാവശ്യമായി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. എനിക്ക് ലാപ്‌ടോപ്പില്ല. പ്രാക്ടിക്കൽ പേപ്പറുകൾ അറ്റന്റ് ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല. ഈ പേപ്പറുകളിൽ ഞാൻ പരാജയപ്പെടുമോ എന്ന് പേടിയുണ്ട്. ഞങ്ങളുടെ കുടുംബം ആകെ പ്രതിസന്ധിയിലാണ്. അതുകൊണ്ട് ലാപ്‌ടോപ് വാങ്ങാൻ ഒരുവഴിയുമില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പഠനം പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.’- ആത്മഹത്യാ കുറിപ്പിൽ ഐശ്വര്യ പറയുന്നു.
വീടും സ്വർണാഭരണങ്ങളും പണയം വെച്ചാണ് ഐശ്വര്യയെ പഠിക്കാൻ അയച്ചതെന്ന് പിതാവ് ശ്രീനിവാസ് പറയുന്നു. മെരിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച ഐശ്വര്യയ്ക്ക് സർക്കാരിൽ നിന്ന് സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു. എന്നാൽ ഇതിന്റെ മുഴുവൻ തുകയും മകൾക്ക് ലഭിച്ചിരുന്നോയെന്ന് അറിയില്ലെന്നും പിതാവ് പറയുന്നു.

Related Articles

Back to top button