LatestSports

കിങ്ങ്’ എന്ന് വിളിക്കരുത്: ആരാധകരോട് വിരാട് കോഹ്ലി

“Manju”

ബംഗളൂരു: ‘കിങ്ങ്’ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി സൂപ്പര്‍താരം വിരാട് കോഹ്ലി. ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്സ് പരിപാടിയിലായിരുന്നു കോഹ്ലിയുടെ പ്രതികരണം. ‘കിങ്ങിന്’ എന്ത് തോന്നുന്നുവെന്ന അവതാരകനായ ഡാനിഷ് സെയ്തിന്റെ ചോദ്യത്തിനായിരുന്നു കോഹ്ലിയുടെ മറുപടി.

‘വീണ്ടും മടങ്ങിവരുന്നത് മനോഹരമാണ്’ എന്ന് മറുപടി പറഞ്ഞ് തുടങ്ങിയ കോഹ്ലിക്ക് ജനക്കൂട്ടത്തിന്റെ ആരവത്തില്‍ സംസാരം മുങ്ങിപ്പോയി. ആരവം അടങ്ങിയപ്പോഴാണ് ആരാധകരെ ആകാംക്ഷായിലാക്കി കോഹ്ലി വീണ്ടും സംസാരം തുടങ്ങിയത്. ‘സുഹൃത്തുക്കളേ, ഞാന്‍ സംസാരിക്കട്ടെ. നമുക്ക് ഇന്ന് രാത്രി ചെന്നൈയിലെത്തണം. ഞങ്ങള്‍ക്ക് ഒരു ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഉണ്ട്, ഞങ്ങള്‍ക്ക് സമയമില്ല (ചിരിക്കുന്നു), ഒന്നാമതായി, നിങ്ങള്‍ എന്നെ കിങ്ങ് എന്ന് വിളിക്കുന്നത് നിര്‍ത്തണം. എല്ലാ വര്‍ഷവും നിങ്ങള്‍ എന്നെ ആ പേര് വിളിക്കുന്നത് എനിക്ക് വളരെ നാണക്കേടാണ്, എന്നെ വിരാട് എന്ന് വിളിച്ചാല്‍ മതിയെന്ന് ഞാന്‍ ഫാഫിനോട് (ഫാഫ് ഡുപ്ലൈസി) പറയുകയായിരുന്നു’ എന്നായിരുന്നു കോഹ്ലി ആരാധകരോട് പറഞ്ഞത്.

നേരത്തെ സമാനമായ നിലയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഒരുദശകത്തിന് ശേഷവും ആളുകള്‍ ‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് തന്നെയാണ് സച്ചിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തിനും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും വേണ്ടി ഇപ്പോഴും തകര്‍പ്പന്‍ പ്രകടനം തുടരുന്ന കോഹ്ലിയെ ആരാധകര്‍ ‘കിങ്ങ്’ എന്ന് തന്നെ വിളിക്കുന്നത് തുടരുമെന്ന് ഉറപ്പാണ്.

ഓസ്‌ട്രേലിയന്‍ നിവാസിയായ കുനാല്‍ ഗാന്ധി എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്‍ കോഹ്ലിയെ വിശേഷിപ്പിക്കാന്‍ ‘കിങ്ങ്’ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് താനാണെന്ന് ഒരു അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു.

‘2014-ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ, അദ്ദേഹത്തിന് ഒരു ജേഴ്‌സി സമ്മാനിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷേ മതിയായ വിശേഷണമില്ലാതെ കോഹ്ലിയുടെ പേര് മാത്രം അതില്‍ എഴുതാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. പെട്ടെന്ന് കിങ്ങ് എന്ന വാക്ക് എന്റെ മനസ്സില്‍ വന്നു, കിങ്ങ് കോഹ്ലി എന്ന് എഴുതിയ ഒരു ജേഴ്‌സി അദ്ദേഹത്തിന് സമ്മാനിച്ചു. ജേഴ്‌സിയില്‍ അദ്ദേഹം തന്റെ ഓട്ടോഗ്രാഫ് നല്‍കി, ആളുകള്‍ അദ്ദേഹത്തെ കിങ്ങ് കോഹ്ലി എന്ന് വിളിക്കാന്‍ തുടങ്ങി’, എന്നായിരുന്നു കുനാല്‍ ഡെയ്‌ലി ഒബ്‌സര്‍വറിനോട് പറഞ്ഞത്.

 

 

Related Articles

Back to top button