KeralaLatest

വന്യമൃഗങ്ങളുടെ ദാഹമകറ്റാന്‍ വനത്തിനുള്ളില്‍ കുളങ്ങള്‍

“Manju”

അച്ചന്‍കോവില്‍: വനത്തിനുള്ളില്‍ ജലക്ഷാമം രൂക്ഷമായതോടെ വന്യമൃഗങ്ങള്‍ കാടു വിട്ടിറങ്ങുന്ന സാഹചര്യത്തില്‍ കല്ലാര്‍ വനത്തില്‍ കുളങ്ങള്‍ നിര്‍മിച്ചു പരിഹാരം കാണാന്‍ വനംവകുപ്പിന്റെ ശ്രമം. കല്ലാര്‍ റേഞ്ചില്‍ റിസര്‍വ്വനത്തില്‍ പലയിടങ്ങളിലായി 10 കുളങ്ങള്‍ നിര്‍മിച്ചു. ഇതില്‍ വെള്ളം നിറയ്ക്കുകയും തീരുന്ന മുറയ്ക്കു വീണ്ടും നിറയ്ക്കുകയും ചെയ്യും. അച്ചന്‍കോവില്‍ വനം ഡിവിഷനില്‍ കല്ലാര്‍, അച്ചന്‍കോവി ല്‍, കാനയാര്‍ എന്നീ റേഞ്ചുകളാണുള്ളത്. മറ്റു റേഞ്ചുകളിലും കുളങ്ങള്‍ നിര്‍മിക്കാനായാല്‍ കാട്ടാനകളുടെ കാടിറക്കം ഒരു പരിധി വരെ തടയാം. ആര്യങ്കാവ്, തെന്മല, പത്തനാപുരം, കുളത്തൂപ്പുഴ, അഞ്ചല്‍ റേഞ്ചുകളില്‍ വന്യമൃഗശല്യം രൂക്ഷമാകുകയും തെന്മല, പത്തനാപുരം റേഞ്ചുകളില്‍ കല്ലുവരമ്പ് സെക്ഷനിലെ പെരുവഴിക്കാല, ആമക്കുളം വനത്തിലും അമ്പനാര്‍ സെക്ഷനിലെ അമ്പനാട് വനത്തിലും കാട്ടാന, കാട്ടു പോത്ത്, കരടി ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

കുളത്തൂപ്പുഴ വനാതിര്‍ത്തിയിലെ കല്ലടയാറിന്റെ തീരങ്ങളില്‍ കാട്ടാനകളും കാട്ടു പോത്തുകളും തമ്പടിച്ചതിനാല്‍ ജനവാസ മേഖലയിലെ ആശങ്ക
ഒഴിഞ്ഞിട്ടില്ല. അച്ചന്‍കോവില്‍ വനം ഡിവിഷനിലെ റേഞ്ചുകളിലും കുളത്തൂപ്പുഴ റേഞ്ചിലും ഇതേവരെ വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് ആശ്വാസം. കിഴക്കന്‍ വനമേഖലയിലെ റേഞ്ചുകളിലും കുളങ്ങള്‍ നിര്‍മിച്ചു ജലലഭ്യത ഉറപ്പാക്കിയാല്‍ കാട്ടാനകളും കാട്ടു പോത്തുകളും കാടിറങ്ങുന്നതു തടയാനാകും.

ശെന്തുരുണി വന്യജീവി സങ്കേതത്തിലും കാട്ടാനകള്‍ക്കു വേനലി ല്‍ ദാഹജലം ഉറപ്പാക്കാന്‍ കുളങ്ങള്‍ നിര്‍മിച്ചിരുന്നെങ്കിലും തുടക്കത്തിലെ
താല്‍പര്യം പിന്നീട് ഇല്ലാതായതോടെ വേണ്ടത്ര പ്രയോജനപ്പെടുന്നില്ലെന്നാണു പരാതി. ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ പരപ്പാര്‍
അണക്കെട്ടും തടാകവും ജലസസമൃദ്ധമായതിനാല്‍ കാട്ടാനകള്‍ക്കും കാട്ടു പോത്തുകള്‍ക്കും മറ്റു വന്യജീവികള്‍ക്കും ദാഹജലത്തിനായി കാടിറങ്ങേണ്ടസ്ഥിതിയില്ല.

Related Articles

Back to top button