India

കോടതിക്കുളളിൽ പ്രവേശിക്കാൻ അഭിഭാഷകർക്ക് സ്മാർട്ട് കാർഡുകൾ ഏർപ്പെടുത്തണം

“Manju”

ന്യൂഡൽഹി: കോടതി മുറികളിൽ പ്രവേശിക്കാൻ അഭിഭാഷകർക്ക് സ്മാർട്ട് കാർഡുകളോ മറ്റ് ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനങ്ങളോ ഏർപ്പെടുത്തണമെന്ന് ആവശ്യം. രോഹിണി കോടതി മുറിയിൽ അടുത്തിടെ നടന്ന വെടിവെയ്പിന്റെ പശ്ചാത്തലത്തിലാണ് അഭിഭാഷകസംഘടനകൾ ഡൽഹി ഹൈക്കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷനും ബാർ കൗൺസിൽ ഓഫ് ഡൽഹിയുമാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.എൻ പട്ടേൽ അദ്ധ്യക്ഷനായ ബെഞ്ചിന് നിർദ്ദേശങ്ങൾ കൈമാറിയത്. കോടതിക്കുളളിലെ സുരക്ഷ ഉറപ്പിക്കാനുളള നിർദ്ദേശങ്ങളായിട്ടാണ് ഇവ കൈമാറിയത്. സുപ്രീംകോടതി പരിസരത്ത് ്അഭിഭാഷകരുടെ സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കാൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രോക്‌സിമിറ്റി കാർഡുകൾക്ക് സമാനമായ സംവിധാനങ്ങളാണ് നിർദ്ദേശത്തിൽ ഉളളത്.

കഴിഞ്ഞ മാസം 24 നാണ് ഡൽഹിയിലെ രോഹിണി കോടതി മുറിയിൽ വെടിവെയ്പ് ഉണ്ടായത്. ഗുണ്ടാസംഘങ്ങൾ തമ്മിലുളള കുടിപ്പകയായിരുന്നു കോടതി മുറിക്കുളളിലെ അക്രമത്തിലേക്ക് നയിച്ചത്. അഭിഭാഷക വേഷത്തിലായിരുന്നു അക്രമികൾ അന്ന് കോടതിക്കുളളിൽ കടന്നത്. ഗുണ്ടാനേതാവ് ജിതേന്ദർ ഗോഗിയെ ആണ് ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന പോലീസ് ആണ് കൊലപാതകികളെ വധിച്ചത്.

തുടർന്നാണ് കോടതിക്കുള്ളിലെ സുരക്ഷ ഉറപ്പിക്കുന്നതിന് ഡൽഹി ഹൈക്കോടതി മാർഗം ആരാഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്നും ഡൽഹി സർക്കാരിൽ നിന്നും കോടതി അഭിപ്രായം തേടിയിട്ടുണ്ട്.

സ്മാർട്ട് കാർഡുകളോ ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിച്ച കാർഡുകളോ അഭിഭാഷകർക്ക് നൽകണമെന്നാണ് ഡൽഹി ബാർ കൗൺസിലിന്റെ നിലപാട്. എല്ലാ അഭിഭാഷകരും ഇത്തരം സുരക്ഷാ പരിശോധനകൾക്ക് വിധേയരാകാൻ സന്നദ്ധമാകണമെന്നും അല്ലാത്തവർക്കെതിരെ അച്ചടക്ക ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു.

Related Articles

Back to top button