IndiaKeralaLatest

കോവിഡ് വ്യാപനം : ആശങ്ക അറിയിച്ചു സുപ്രീം കോടതി

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി : ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഈ സ്ഥിതി തുടര്‍ന്നാല്‍ പിടിച്ചാല്‍ കിട്ടാത്ത വിധം നിയന്ത്രണാതീതമായിപ്പോകുമെന്നും കോടതി അഭിപ്രായപ്പെട്ടു. കോവിഡ് രൂക്ഷമായിട്ടും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചു.

കോവിഡ് സ്ഥിതി വിവരം സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയാന്‍ എന്തെല്ലാം നടപടികള്‍ ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാന്‍ കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയ്ന്‍ നോട് ആവശ്യപ്പെട്ടു. ഗുജറാത്തിലും സ്ഥിതി നിയന്ത്രണാതീതമാകുകയാണ്.

നവംബറില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഡിസംബറാകുമ്ബോള്‍ തീര്‍ത്തും വഷളാകുമല്ലോയെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. വിവാഹത്തിനും കൂട്ടംചേരലിനുമെല്ലാം ഇളവുകള്‍ നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെയും കോടതി വിമര്‍ശിച്ചു. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പിന്നാലെ ഗുജറാത്തിലും കോവിഡ് വ്യാപനം നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോകുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസ് അശോക് ഭൂഷണെ കൂടാതെ ജസ്റ്റിസുമാരായ ആര്‍ എസ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരാണ് കേസ് പരിഗണിച്ചത്. കേസ് സുപ്രീംകോടതി അടുത്ത വെള്ളിയാഴ്ചവീണ്ടും പരിഗണിക്കും.

Related Articles

Back to top button