KeralaLatestThrissur

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തീ കൊളുത്തിക്കൊന്ന കേസ്; പ്രതിയ്ക്ക് ജീവപര്യന്തം

“Manju”

സിന്ധുമോൾ. ആർ

തൃശ്ശൂര്‍: ചീയാരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ വടക്കേക്കാട് സ്വദേശി നിധീഷിന് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ഏപ്രില്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ചീയാരം സ്വദേശിയായ ഇരുപത്തിരണ്ടുകാരി നീതുവാണ് കൊല്ലപ്പെട്ടത്.

ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്റെ വീട്ടിലേക്ക് പുലര്‍ച്ചെ അഞ്ചരയോടെ ബൈക്കിലാണ് പ്രതി എത്തിയത്. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേയ്ക്ക് വരുമ്പോഴാണ് അകത്തുകയറിയത്. കാക്കനാടുള്ള ഐടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു നിധീഷ്. കളമശ്ശേരിയില്‍ നിന്ന് കത്തിയും, വിഷവും നായരങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളും വാങ്ങിയാണ് നീതുവിന്റെ വീട്ടിലെത്തിയത്. ഇരുവരും തമ്മിലുളള വാക്കുതര്‍ക്കത്തിന് ശേഷം പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യിലുള്ള പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവശേഷം മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മുത്തശ്ശി വത്സലയാണ് പിടിച്ചുനിര്‍ത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളും എത്തി കീഴ്‌പ്പെടുത്തി കെട്ടിയിട്ടു. നെടപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മീഷണറായ സി ഡി ശ്രീനിവാസനാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കേസില്‍ 90 ദിവസത്തിനുള്ളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

നീതുവിന്റെ മുത്തശ്ശിയും അമ്മാവന്മാരും അയല്‍പക്കക്കാരും ഉള്‍പ്പെടെ 38 പേരെ പ്രോസിക്യൂഷനു വേണ്ടി വിസ്തരിച്ചു. 67 സാക്ഷികള്‍ ഉണ്ടായിരുന്നു. അഞ്ച് സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു കൂടുതലായി ചേര്‍ത്താണ് വിസ്തരിച്ചത്. 58 രേഖകളും 31 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹാജരാക്കിയിരുന്നു.

Related Articles

Back to top button