India

‘ലവ് ജിഹാദിന്’ മധ്യപ്രദേശിൽ 10 വര്‍ഷം തടവ്

“Manju”

ഭോപാല്‍ • ഉത്തര്‍പ്രദേശിനു പിന്നാലെ ബിജെപി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ ‘ലവ് ജിഹാദിനു’ കര്‍ശനശിക്ഷ നടപ്പാക്കുന്നു. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് വിവാഹം കഴിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിനതടവ് നല്‍കാവുന്ന കരട് ബില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയാറാക്കി. ഇത്തരം വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന പുരോഹിതന്മാരും അഞ്ചു വര്‍ഷം വരെ ജയിലില്‍ പോകേണ്ടിവരുമെന്ന് കരടിൽ പറയുന്നു.

‘എംപി ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍-2020’ അടുത്തുതന്നെ മന്ത്രിസഭ അംഗീകരിച്ച് ഡിസംബര്‍ 28ന് ആരംഭിക്കുന്ന നിയമസഭയുടെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. വിവാഹത്തിനുവേണ്ടി സ്വമേധയാ മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മാസം മുമ്പ് കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇത്തരം കേസുകളില്‍ മാതാപിതാക്കള്‍ക്കു പരാതി നല്‍കാന്‍ അവസരമുണ്ടാകും.

നിയമപരമല്ലാത്ത വിവാഹത്തിനു നേതൃത്വം നല്‍കുന്നവരെയും കുറ്റക്കാരായി കണ്ട് ശിക്ഷിക്കും. അത്തരം വിവാഹച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന സംഘടനകളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ശിക്ഷ 10 വര്‍ഷമാക്കുന്നതോടെ പ്രതികള്‍ക്കു പൊലീസ് സ്‌റ്റേഷനില്‍നിന്നു ജാമ്യം ലഭിക്കുന്ന സാഹചര്യം ഇല്ലാതാകും. പരാതി ഇല്ലാതെതന്നെ കേസെടുക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമായി ഇതിനെ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

മതപരിവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. മധ്യപ്രദേശിന്റെ മണ്ണില്‍ ലവ് ജിഹാദ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, ലവ് ജിഹാദ് എന്ന പദത്തെ നിയമപരമായി നിര്‍വചിച്ചിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. പക്ഷെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഉത്തര്‍പ്രദേശിലേതിനു സമാനമായ നിയമം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്.

വിവാഹത്തിനായി നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം കുറ്റകൃത്യമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ആദ്യം ഉത്തരവ് പുറപ്പെടുവിച്ചത് വിവാഹത്തിനുശേഷം മതപരിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിനു രണ്ടു മാസത്തെ നോട്ടിസ് നല്‍കണം. വിവാഹത്തിനു വേണ്ടി നിര്‍ബന്ധിച്ചുളള മതപരിവര്‍ത്തനമല്ലെന്നു തെളിയിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും ജാമ്യമില്ലാത്തതായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ച മുസ്‌ലിം യുവാവിനെതിരെ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം റജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. വ്യക്തിബന്ധങ്ങളില്‍ ഇടപെടുന്നത് വ്യക്തിസ്വാതന്ത്രത്തില്‍ നടത്തുന്ന കടന്നുകയറ്റമാണെന്നും കോടതി വ്യക്തിമാക്കി.

Related Articles

Back to top button