IndiaLatest

“തേജസ്” വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച്‌ നാല് രാജ്യങ്ങള്‍

“Manju”

‍ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വാങ്ങാൻ സന്നദ്ധത അറിയിച്ച്‌ നാല് രാജ്യങ്ങള്‍. നൈജീരിയ, ഫിലിപ്പീൻസ്, അര്‍ജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് യുദ്ധ വിമാനം വാങ്ങാനുള്ള താത്പര്യം ഇന്ത്യയെ അറിയിച്ചത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.ബി അനന്തകൃഷ്ണനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇത് സംബന്ധിച്ച്‌ രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

1982-ലെ ഫോക്ക്‌ലാൻഡ് യുദ്ധത്തിനുശേഷം, അര്‍ജന്റീനയിലേക്കുള്ള സൈനിക വില്‍പ്പനയ്‌ക്ക് യുകെ ഉപരോധം ഏര്‍പ്പെടുത്തുകയും അത് നിര്‍മ്മിച്ച ഹാര്‍ഡ്‌വെയര്‍ വിതരണം തടയുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത്, യുകെയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈനിക ഹാര്‍ഡ്‌വെയര്‍ വിതരണം ഇന്ത്യയ്‌ക്ക് എളുപ്പമല്ല. എന്നാല്‍, പ്രതിരോധ വ്യാവസായിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ജൂലൈയില്‍ അര്‍ജന്റീനിയൻ പ്രതിരോധ മന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്.

രണ്ട് ടണ്‍ ഭാരമുള്ള ഹെലികോപ്റ്ററുകള്‍ക്ക് സ്പെയറുകളും സേവനങ്ങളും നല്‍കുന്നതിന് അര്‍ജന്റീനിയൻ എയര്‍ഫോഴ്സുമായി എച്ച്‌എഎല്‍ കരാര്‍ ഒപ്പിട്ടിരുന്നു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള പ്രതിരോധ ബന്ധം നല്ല നിലയില്‍ മുന്നോട്ട് പോകുകയാണ്. ബ്രഹ്മോസ് ക്രൂയിസ് മിസൈലിനായി മൂന്ന് ബാറ്ററികള്‍ വാങ്ങുന്നതിനായി ജനുവരിയില്‍ ഫിലിപ്പീൻസ് ഇന്ത്യയുമായി 375 മില്യണ്‍ ഡോളറിന്റെ കരാറിലും ഒപ്പിട്ടു.

ഒറ്റ എഞ്ചിൻ മള്‍ട്ടി-റോള്‍ യുദ്ധവിമാനമാണ് തേജസ്. വ്യോമ നിരീക്ഷണം, സമുദ്ര നിരീക്ഷണം, പ്രതിരോധം എന്നിവ നിര്‍വ്വഹിക്കാൻ വേണ്ടിയാണ് തേജസ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പ്രധാന ശക്തിയാകും തേജസ്. 2021 ഫെബ്രുവരിയില്‍, ഇന്ത്യൻ വ്യോമസേനയ്‌ക്കായി 83 തേജസ് എംകെ-1എ ജെറ്റുകള്‍ വാങ്ങുന്നതിനായാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം 48,000 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടത്. ഐഎഎഫിനായി 97 തേജസ് ജെറ്റുകള്‍ കൂടി അധികമായി വാങ്ങാൻ കഴിഞ്ഞ മാസം മന്ത്രാലയം പ്രാഥമിക അനുമതി നല്‍കിയിരുന്നു.

Related Articles

Back to top button