IdukkiKeralaLatest

ബൈക്കിലെത്തി മാല കവര്‍ന്ന സംഭവം: പ്രതികള്‍ പിടിയില്‍

“Manju”

അടിമാലി: പട്ടാപ്പകല്‍ വയോധികയുടെ കഴുത്തിലെ മാല പറിച്ച്‌ കടന്ന സംഭവത്തിലെ പ്രതികളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇരുമ്പുപാലം പത്താംമൈല്‍ സ്വദേശികളായ മനംകാവില്‍ ഹാരീസ്‌ (35), കാഞ്ഞിരംപറമ്പില്‍ കമാലുദ്ദീന്‍ (42) എന്നിവരെയാണ്‌ ഞായറാഴ്‌ച പുലര്‍ച്ചെ പിടികൂടിയത്‌.

മലപ്പുറം വെങ്ങര പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ കൂരിയാടിലെ ഒരു ലോഡ്‌ജില്‍നിന്നുമാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവര്‍ കവര്‍ന്ന 32 ഗ്രാം സ്വര്‍ണത്തില്‍ 23.500 ഗ്രാം സ്വര്‍ണം രാജകുമാരിയിലെ ഒരു സ്വര്‍ണക്കടയില്‍ നിന്നു പിടിച്ചെടുത്തു. മോഷ്‌ടിച്ച അന്ന്‌ തന്നെ സ്വര്‍ണം ഇവിടെ ഒരു ലക്ഷം രൂപയ്‌ക്ക്‌ വിറ്റിരുന്നു. കടയുടമ ഇത്‌ ഉരുക്കി കട്ടിയാക്കി. ഈ സ്വര്‍ണക്കട്ടിയാണ്‌ കണ്ടെടുത്തത്‌. മോഷണത്തിന്‌ ഉപയോഗിച്ച ബൈക്ക്‌ ഇരുമ്പുപാലത്തിനു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹാരീസാണ്‌ ബൈക്കിന്റെ പിന്നിലിരുന്നു മാല കവര്‍ന്നതെന്നു പോലീസ്‌ പറഞ്ഞു.

ഒന്നാം പ്രതി കമാലുദ്ദീന്റെതാണ്‌ ബൈക്ക്‌. സ്വര്‍ണം വിറ്റ്‌ കിട്ടിയ പണം ഇവര്‍ വീതിച്ചെടുത്തു. പിന്നീട്‌ ഇരുവരും ഇവിടെ നിന്നും മുങ്ങി മലപ്പുറത്ത്‌ ഒളിവില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്‌ച്ച വൈകുന്നേരം പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഓണായി. ഇതു വഴി ടവര്‍ ലൊക്കേഷന്‍ മനസിലാക്കി വേങ്ങര പോലീസിന്റെ സഹായത്തോടെയാണ്‌ പ്രതികളെ പിടികൂടിയത്‌. അടിമാലി മന്നാംങ്കാല കണ്ണിക്കാട്ടേല്‍ ഉണ്ണിയുടെ ഭാര്യ ലളിതയുടെ നാലു പവന്‍ വരുന്ന മാല ഈ മാസം അഞ്ചിനാണ്‌ ഇവര്‍ കവര്‍ന്നത്‌. മന്നാംങ്കാല ട്രൈബല്‍ ഹോസ്‌റ്ററ്റലിന്‌ മുന്‍പിലെ റോഡിലൂടെ പുല്ലുമായി വരികയായിരുന്നു ലളിത. മുന്‍പില്‍ നിന്നും ബൈക്കില്‍ എത്തിയ ഇവര്‍ ലളിതയുടെ കഴുത്തില്‍ കിടന്ന മാല പറിച്ചെടുക്കുകയായിരുന്നു.
റോഡരുകില്‍ സ്‌ഥാപിച്ചിരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സഞ്ചരിച്ച ബൈക്കിന്റെ ചിത്രവും പ്രതികളുടെ ചിത്രവും പോലീസ്‌ കണ്ടെത്തിയിരുന്നു.

അടിമാലി സി.ഐ: അനില്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌.ഐ: ഷാജി വര്‍ഗീസ്‌, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ ഉണ്ണികൃഷ്‌ണന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ ഡോണി ചാക്കോ, രതീഷ്‌ ബി. എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Related Articles

Back to top button