IndiaKeralaLatest

‘മക്കള്‍ സേവൈ കക്ഷി’ രജനിയുടെ പാര്‍ട്ടിയുടെ പേര് ; ചിഹ്നം ഓട്ടോയോ ബാബ സിനിമയിലെ മുദ്രയോ വന്നേക്കും

“Manju”

ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച വിവരങ്ങള്‍ ദക്ഷിണേന്ത്യ മുഴുവന്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ താരം തന്റെ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്തതായും ചിഹ്നം തെരഞ്ഞെടുത്തതായും റിപ്പോര്‍ട്ട്.
‘മക്കള്‍ സേവയ് കച്ചി’ എന്നായിരിക്കും താരത്തിന്റെ പാര്‍ട്ടിയുടെ പേര് എന്നും ഓട്ടോറിക്ഷയോ ബാബ സിനിമയില്‍ താരം ഉപയോഗിച്ച മുദ്രയോ ചിഹ്നമായേക്കുമെന്നുമാണ് വിവരം. തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ സേവയ് കച്ചിയും ഓട്ടോറിക്ഷയും സംസ്ഥാനത്ത് ഉടനീളമായി ഓടിത്തുടങ്ങുമെന്നും ദേശീയ മാധ്യമങ്ങള്‍ പുറത്തു വിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
അനൈത് ഇന്ത്യാ മക്കള്‍ ശക്തി കഴകം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ‘മക്കള്‍ സേവൈ കച്ചി’ എന്ന് പുനര്‍ നാമകരണം ചെയ്യുകയായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
സാധാരണക്കാരന്റെ ജീവിതമാര്‍ഗ്ഗത്തില്‍ പെടുന്നത് എന്ന നിലയിലാണ് ഓട്ടോറിക്ഷ ചിഹ്നമായി സ്വീകരിച്ചത്. സംസ്ഥാനത്ത് ഉടനീളമുള്ള 234 സീറ്റുകളിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ‘ഓട്ടോറിക്ഷ’ പൊതു ചിഹ്നമായി ഉപയോഗിക്കാനുള്ള അനുമതി ചോദിച്ചു രജനിയുടെ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷയും നല്‍കിയിട്ടുണ്ട്. രജനീകാന്തിന്റെ പേരില്‍ അപേക്ഷ നല്‍കിയിരിക്കുന്നത് മറ്റൊരാളാണ്.
2002 ല്‍ രജനീകാന്ത് അഭിനയിച്ച ‘ബാബ’ എന്ന തമിഴ് സിനിമയില്‍ താരം ഉപയോഗിച്ച ഇരുവിരല്‍ മുദ്രയോ 1995 ല്‍ താരത്തിന്റെ വന്‍ ഹിറ്റായി മാറിയ സിനിമ ‘ബാഷ’ യിലെ ഓട്ടോറിക്ഷയോ ചിഹ്നമായി നല്‍കണമെന്നാണ് ആവശ്യം.
മുദ്ര ഒന്നാമതും ഓട്ടോറിക്ഷ രണ്ടാമതുമാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. മിക്കവാറും പാര്‍ട്ടിക്ക് മക്കള്‍ സേവൈ കച്ചി എന്ന പേരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിക്ക് സമാനമായ ‘ഇരു വിരല്‍’ ചിഹ്നവും അനുവദിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button