KeralaLatest

മീനച്ചില്‍ പഞ്ചായത്തില്‍ 8 സീറ്റുമായി ഇടതിന് വിജയം ! കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി. ബിജെപിയ്ക്കും നഷ്ടം. മുതിര്‍ന്ന സിപിഎം നേതാവ് ജോയി കുഴിപ്പാല പ്രസിഡന്‍റായേക്കും !

“Manju”

പാലാ: മീനച്ചില്‍ പഞ്ചായത്തില്‍ 8 സീറ്റുകളുമായി ഇടതുമുന്നണി ഭരണം പിടിച്ചു. 3 സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. 2 സീറ്റുകളില്‍ ബിജെപിയാണ്. 5 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് പഞ്ചായത്തില്‍ വട്ടപ്പൂജ്യമായി.
ഇടതുമുന്നണിക്ക് ലഭിച്ച 8 സീറ്റുകളില്‍ 4 -ഉം സിപിഎമ്മിനാണ്. കേരള കോണ്‍ഗ്രസ് – എമ്മിന് 3 സീറ്റ് മാത്രമാണ് ലഭിച്ചത്. ഒരു സീറ്റ് സിപിഐയ്ക്കാണ്.
കേരള കോണ്‍ഗ്രസ് – എമ്മിലെ ഗ്രൂപ്പ് പോര് അവരുടെ സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. 7 സീറ്റുകളില്‍ മത്സരിച്ചിടത്താണ് 3 -ല്‍ വിജയിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാതൃസംഘടനയില്‍ തിരിച്ചെത്തിയ കേരള കോണ്‍ഗ്രസ് – എമ്മിലെ വിമത വിഭാഗം നാലിടത്ത് മത്സരിച്ചതില്‍ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് റെനി ബിജോയി പരാജയപ്പെട്ട പ്രഗല്‍ഭരില്‍ ഉള്‍പ്പെടുന്നു. ജോയി കുഴിപ്പാല, സോജോ പൂവത്താനി, ബിജു തുണ്ടിയില്‍ എന്നിവര്‍ വിജയിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
ഇതോടെ സിപിഎമ്മിലെ മുതിര്‍ന്ന നേതാവും ഏരിയാ കമ്മറ്റി അംഗവുമായ ജോയി കുഴിപ്പാല ആദ്യ ടേമില്‍ പഞ്ചായത്ത് പ്രസിഡന്‍റാകാനാണ്  സാധ്യത. രണ്ടാം ടേമില്‍ കേരള കോണ്‍ഗ്രസിലെ സാജോ പൂവത്താനിക്കാണ് സാധ്യത. കഴിഞ്ഞ തവണ 4 സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ 2 ആയി.

Related Articles

Back to top button