KeralaLatestThiruvananthapuram

വീണ്ടും നയിക്കാന്‍ പിണറായി വിജയന്‍ ; ആവശ്യങ്ങളും നിര്‍ദേശങ്ങളും അറിയാന്‍ ജില്ലാ തല പര്യടനം

“Manju”

Asianet News C For Survey Predicts Pinarayi Vijayan Will Be Next CM

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലെ ഇക്കുറിയും ജനകീയ പ്രകടനപത്രികയ്ക്കു രൂപംനല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാതല പര്യടനത്തിന്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണു നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സി.പി.എം. ആരംഭിക്കുന്നത്. അഞ്ചു മാസംമാത്രം ശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്ബു സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുകയാണു ലക്ഷ്യം.

പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ദിവസത്തോളം സംസ്ഥാനത്ത് കേരള പര്യടനംനടത്തും. ഈ മാസം 22 നു കൊല്ലത്തുനിന്നു ജില്ലാ പര്യടനം തുടങ്ങും. പതിനാല് ജില്ലകളിലും പര്യടനം നടത്തുന്ന മുഖ്യമന്ത്രി, ആ സ്ഥലങ്ങളിലെ ഗസ്റ്റ് ഹൗസുകളില്‍ തങ്ങി ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. അതില്‍ ഉരുത്തിരിയുന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും കൂടി ഉള്‍ക്കൊണ്ടാവും ഇടതുമുന്നണിയുടെ അടുത്ത തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയ്ക്കു രൂപംനല്‍കുക. ഇന്നു ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

തദ്ദേശ ഫലം പുറത്തുവരുന്നതിനു മുമ്ബുതന്നെ മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനപരിപാടി തീരുമാനിച്ചിരുന്നു. ഓരോ ജില്ലയിലും ക്യാമ്ബ് ചെയ്ത് സാമൂഹികം, സാംസ്‌കാരികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രമുഖരുമായും എല്‍.ഡി.എഫ് എം.പിമാര്‍,എം.എല്‍.എമാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അഭിപ്രായം തുടര്‍ നിര്‍ദ്ദേശങ്ങള്‍ ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബും പിണറായി വിജയന്‍ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. 2016 ഫെബ്രുവരിയില്‍ നവകേരളയാത്രയുടെ ഭാഗമായിട്ടായിരുന്നു ഇത്.

ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി എത്തിച്ചതും അത് കൂട്ടിക്കൊടുത്തതും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതുമെല്ലാം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ മുന്നേറ്റം ഇടതു സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. കേന്ദ്ര ഏജന്‍സികളെ കൊണ്ടു വികസന നേട്ടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചരണവും ജനങ്ങള്‍ വിശ്വാസത്തില്‍ എടുത്തിട്ടുണ്ടെന്നതിന്റെ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന വിലയിരുത്തലുകളാണ് പാര്‍ട്ടി നടത്തിയിട്ടുള്ളത്. ഇതോടെ കൂടുതല്‍ ജനകീയ ഇടപെടലുകള്‍ നടത്താനും രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാനും മുഖ്യമന്ത്രി തന്നെ മുന്‍കൈയ്യെടുത്തിരിക്കുകയാണ്.

 

Related Articles

Back to top button