IndiaLatest

ബംഗാള്‍ പിടിക്കാനൊരുങ്ങി അമിത് ഷാ ! നാളെ ബാംഗാള്‍ സന്ദര്‍ശനം .

“Manju”

ഡല്‍ഹി: പശ്ചിമ ബംഗാളില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞുപോക്ക്. രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ എംഎല്‍എയും പാര്‍ട്ടി വിട്ടു. ശില്‍ഭദ്ര ദത്തയാണ് ഇന്നു പാര്‍ട്ടി വിട്ടത്. മുന്‍ മന്ത്രി ശുഭേന്ദു അധികാരിയും മറ്റൊരു എംഎല്‍എ ജിതേന്ദ്ര തിവാരിയും നേരത്തെ രാജിവെച്ചിരുന്നു.

വനംമന്ത്രി രാജീബ് ബാനര്‍ജി, സുനില്‍ മണ്ഡല്‍ എം.പി. എന്നിവരും രാജിക്കുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. അതിനിടെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ബംഗാളിലെത്തും. അമിത് ഷായുടെ സാന്നിധ്യത്തില്‍ തൃണമൂലില്‍ നിന്ന് നേതാക്കളുടെ വന്‍പട തന്നെ ബിജെപിയില്‍ ചേരുമെന്നും വിവരമുണ്ട്.

ഇതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. എംഎല്‍എമാരടക്കമുള്ളവരോട് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാനാവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടേയും പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കിന്റേയും അടിസ്ഥാനത്തിലാണ് യോഗം.

ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഷോകളും റാലികളും സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഏതെല്ലാം തൃണമൂല്‍ നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞദിവസം എം.എല്‍.എ സ്ഥാനം ഒഴിഞ്ഞയുടന്‍ ശുഭേന്ദു ബര്‍ധമാനിലെ സുനില്‍ മണ്ഡല്‍ എം.പി.യുടെ വീട്ടിലെത്തിയിരുന്നു. അവിടെ ഇരുവര്‍ക്കുമൊപ്പം ജിതേന്ദ്ര തിവാരിയുമെത്തി ചര്‍ച്ചനടത്തി. നേരത്തേ, മുഖ്യമന്ത്രി മമതാ ബാനര്‍ജി തിവാരിയെ വിളിച്ച് കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്നും ഇന്നു ചര്‍ച്ചനടത്താമെന്നും പറഞ്ഞിരുന്നു. എന്നാല്‍, അനുനയനീക്കം ഫലിച്ചില്ല.

അസന്‍സോള്‍ മുനിസിപ്പാലിറ്റിക്ക് 2000 കോടിയുടെ കേന്ദ്രസഹായം കിട്ടുമായിരുന്നത് സംസ്ഥാന സര്‍ക്കാര്‍ മുടക്കിയെന്നാരോപിച്ച് രണ്ടുദിവസംമുമ്പ് തിവാരി നഗരവികസനമന്ത്രി ഫിര്‍ഹാദ് ഹക്കീമിന് കത്തെഴുതിയിരുന്നു.

തിവാരിയെ മന്ത്രി ഹക്കീം ചര്‍ച്ചയ്ക്കുവിളിച്ചെങ്കിലും മമതയൊഴികെ ആരോടും സംസാരിക്കില്ലെന്ന് തിവാരി ശഠിച്ചു. ബുധനാഴ്ച ഒരു പാര്‍ട്ടിയോഗത്തില്‍ ശുഭേന്ദുവിനെ പ്രശംസിച്ച് അദ്ദേഹം സംസാരിച്ചതോടെ പാര്‍ട്ടി നേതൃത്വവുമായുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു.

അക്രമവും വിഭാഗീയതയും നിറഞ്ഞ രാഷ്ട്രീയത്തിനെതിരേ ശബ്ദിക്കേണ്ട കാലമായെന്ന് നേതൃത്വത്തിനെതിരേ പ്രതികരിച്ച സുനില്‍ മണ്ഡല്‍ എം.പി.യും ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. മണ്ഡലും ശുഭേന്ദുവും ഒരുമിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സ്തുതിപാഠകര്‍ക്കുമാത്രമാണ് പാര്‍ട്ടിയില്‍ വിലയുള്ളതെന്നും ജനസേവനം ലക്ഷ്യമാക്കി വരുന്നവര്‍ പിന്തള്ളപ്പെടുകയാണെന്നുമാണ് വനംമന്ത്രി രാജീബ് ബാനര്‍ജിയുടെ വിമര്‍ശനം. ഇദ്ദേഹവും സ്വന്തമായി യോഗങ്ങള്‍ സംഘടിപ്പിച്ച് പാര്‍ട്ടിക്കെതിരേ പരോക്ഷ വിമര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.

ശുഭേന്ദു പാര്‍ട്ടിവിട്ടതിനുപിന്നാലെ മാല്‍ദയിലെ ഒരു ബ്ളോക്കിനുകീഴിലുള്ള അഞ്ച് മണ്ഡലം അധ്യക്ഷന്‍മാര്‍ സ്ഥാനങ്ങള്‍ രാജിവെക്കുന്നതായി അറിയിച്ചു. എന്നാല്‍, ഇവര്‍ പാര്‍ട്ടി വിട്ടിട്ടില്ല.

നാളെ ബംഗാളിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിം മേദിനിപ്പുരില്‍ പ്രവര്‍ത്തകരുടെമാത്രം യോഗത്തില്‍ പങ്കെടുക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, അത് പൊതുയോഗമായി മാറ്റിയിട്ടുണ്ട്. ശുഭേന്ദുവും കൂട്ടാളികളും ഈ യോഗത്തില്‍ ബി.ജെ.പി. പ്രവേശനം നടത്താനാണ് സാധ്യത.

Related Articles

Back to top button