Thiruvananthapuram

നാല്‍പത് വര്‍ഷമായി കാടിനെ മാത്രം സ്‌നേഹിച്ച് ദമ്പതികള്‍

“Manju”

പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഇളംപമ്പയാര്‍, കക്കി ജലസംഭരണിയിലേക്ക് സംഗമിക്കുന്ന സ്ഥലത്ത് പാറയിടുക്കില്‍ കാടിനോട് ചേര്‍ന്ന് കൃഷ്ണന്‍ കാണിയും ഭാര്യ രാജമ്മയും താമസിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാല്‍പത് കഴിഞ്ഞു. കൊടും കാടിനു നടുവില്‍ പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന ഈ ദമ്പതികള്‍ക്ക് കൂട്ടായി വന്യമൃഗങ്ങള്‍ മാത്രം. കടുവ, കാട്ടു പോത്ത്, പുലി, ആന തുടങ്ങിയെല്ലാം അതു വഴി കടന്നു പോകാറുണ്ട്. എന്നാല്‍ ഇവര്‍ക്ക് നേരെ അവയുടെ ഉപദ്രവം ഒന്നും തന്നെ ഉണ്ടായിട്ടില്ല. കുളത്തൂപ്പുഴ പാലോട് സ്വദേശികളാണ് ഈ ദമ്പതികള്‍.

ഈറ്റ വെട്ടാനായിട്ടാണ് ഇവര്‍ ആദ്യം കാടുകയറുന്നത്. എന്നാല്‍ ആദിവാസി അരയര്‍ വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ പിന്നീട് ഇവിടെ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. കാടിറങ്ങി നാട്ടില്‍ വരണമെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ട് എന്നാല്‍ സ്വന്തമായി ഒരു തരി ഭൂമി പോലുമില്ല. ആങ്ങമൂഴി സഹകരണ ബാങ്കിലുളള 40,000 രൂപ മാത്രമാണ് ആകെ സമ്പാദ്യമായിട്ടുള്ളത്. നാട്ടില്‍ വന്നു കഴിഞ്ഞാല്‍ എങ്ങനെ ജീവിക്കും എന്ന ആശങ്കയാണ് ഈ ദമ്പതികള്‍ക്ക്. തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങി സര്‍ക്കാര്‍ അംഗീകൃത രേഖകളൊന്നും തന്നെ ഇവര്‍ക്കില്ല.

കൂടാതെ ആദിവാസി വകുപ്പ് അധികൃതരുടെ ലിസ്റ്റിലും ഇവരില്ല. പതിനഞ്ച് വര്‍ഷമായി കയ്യില്‍ കൊണ്ട് നടക്കുന്ന ഒരു റേഡിയോ മാത്രമാണ് പുറം ലോകത്തെ വിശേഷം അറിയാനുള്ള ഏകമാര്‍ഗ്ഗം. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മാത്രമാണ് ആശ്രയം. മാസത്തില്‍ ഒരു തവണ ഇവര്‍ കാടിറങ്ങും കുന്തിരിക്കം, തേന്‍ എന്നിവ ശേഖരിച്ച് വന വിഭവങ്ങള്‍ ശേഖരിക്കുന്ന സൊസൈറ്റിക്കു നല്‍കും. പിന്നീട് ആവശ്യമായ സാധനങ്ങള്‍ വാങ്ങി എര്‍ത്ത് ഡാമിലെത്തി വീണ്ടും കാടുകയറും. വനത്തിലൂടെ നടന്നും മുള ചങ്ങാടത്തില്‍ കയറിയുമാണ്ഇവര്‍ പുറംലോകത്തേക്കെത്താറുളളത്.

Related Articles

Back to top button