India

സിബിഐ ഓഫീസ് ഉപരോധം; അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

“Manju”

ന്യൂഡൽഹി: നാരദ സ്റ്റിങ് ഓപ്പറേഷൻ കേസിൽ തൃണമൂൽ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് സിബിഐ ഓഫീസിൽ പ്രതിഷേധം നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. കേസ് പരിഗണിക്കുന്ന കോടതിയിൽ തൃണമൂൽ അനുയായികളുമൊത്ത് എത്തി ആൾക്കൂട്ടം സൃഷ്ടിച്ചതിനെയും കോടതി വിമർശിച്ചു. ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

നിയമം അട്ടിമറിക്കാനോ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കാനോ ശ്രമിച്ചാൽ മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കുമെതിരേ പോലും സിബിഐയ്ക്ക് നടപടി സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ ഭരണഘടനയിൽ ഉചിതമായ പരിഹാരമാർഗങ്ങൾ ഉണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റീസുമാരായ വിനീത് സരൺ, ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിനെയോ സിബിഐയെയോ ഉപദേശിക്കാനല്ല തങ്ങൾ ഇവിടെ ഇരിക്കുന്നതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കേസിൽ പ്രതികളായ തൃണമൂൽ നേതാക്കളെ തടങ്കലിലാക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരേയാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ വിഷയം ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലായതിനാൽ സിബിഐ അപ്പീൽ പിൻവലിച്ചു. കേസിൽ കുറ്റപത്രം സമർപ്പിക്കാതിരുന്ന സിബിഐ നടപടിയെയും കോടതി വിമർശിച്ചു.

തൃണമൂൽ നേതാക്കളായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, മദൻ മിത്ര, സൊവാൻ ചാറ്റർജി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയുടെ അഭ്യർഥനയെ തുടർന്ന് കഴിഞ്ഞ മേയ് 7ന് ഗവർണർ അനുമതി നൽകിയിരുന്നു. ഇവർ കൈക്കൂലി വാങ്ങി ഒളിക്യാമറയിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട നാരദ സ്റ്റിങ് ഓപ്പറേഷൻ കേസിലായിരുന്നു നടപടി. എന്നാൽ ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് മമതയും സംസ്ഥാന നിയമമന്ത്രിയും ഉൾപ്പെടെയുളളവർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

Related Articles

Back to top button