KeralaLatest

പ്രവാസികളെ രണ്ടുഘട്ടമായി നാട്ടിലെത്തിക്കും; വിമാന സര്‍വീസുകള്‍ വീണ്ടും ജൂണില്‍ തുടങ്ങും

“Manju”

സിന്ധുമോള്‍ ആര്‍

കോവിഡ് ലോക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ രണ്ടു ഘട്ടമായി നാട്ടിലേക്ക് മടക്കിക്കൊണ്ടുവരും. ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരുക. യുഎസ്, ബ്രിട്ടന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരെ രണ്ടാംഘട്ടത്തില്‍ നാട്ടിലെത്തിക്കും. ജൂണ്‍ അവസാനംവരെ നീണ്ടു പോയേക്കാവുന്ന ഒഴിപ്പിക്കല്‍ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്. അതേസമയം , അതിഥിത്തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിനുകളും കേന്ദ്രത്തിന്റെ പരിഗണനയില്‍. ദിവസം 400 ട്രെയിനുകള്‍ ഓടിക്കാനാണ് ആലോചന. നാട്ടിലെത്താന്‍ ഇതുവരെ മൂന്ന് ലക്ഷത്തി നാല്‍പതിനായിരം മലയാളികള്‍ നോര്‍ക്ക് റൂട്ട്സിന്റെ വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ യു.എ.ഇയില്‍ നിന്നാണ്. മടങ്ങിവരുന്നവരെ സ്വീകരിക്കാനും അവരെ സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള മുന്നൊരുക്കം സംസ്ഥാനത്തും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു.

അതേസമയം, ഗൾഫിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വിവരശേഖരണവുമായി ഇന്ത്യൻ എംബസികൾ. സൗദി ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ എംബസികൾ ഓൺലൈൻ വഴിയാണ് റജിസ്ട്രേഷൻ തുടങ്ങിയത്. യുഎഇയിലെ ഇന്ത്യൻ എംബസി സാങ്കേതിക തകരാറിനെത്തുടർന്നു നിർത്തിവച്ച റജിസ്ട്രേഷൻ ഉടൻ പുനരാരംഭിക്കും.

ഖത്തറിനും ഒമാനും പിന്നാലെയാണ് സൗദി അറേബ്യയിലേയും ബഹ്റൈനിലേയും ഇന്ത്യൻ എംബസികൾ ഇന്ത്യൻ പ്രവാസികൾക്കായി റജിസ്ട്രേഷൻ തുടങ്ങിയത്. നാട്ടിലേക്കു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളുടെ കണക്കെടുപ്പാണ് ലക്ഷ്യമെന്നു എംബസികൾ വ്യക്തമാക്കി. പേര്, വീസ, ജോലി, ഇന്ത്യയിലെ വീട്ടുവിവരങ്ങൾ, ഇന്ത്യയിലേക്കു മടങ്ങാനുള്ള കാരണം, കോവിഡ് പരിശോധന ഫലം, തുടങ്ങി ഇരുപത്തൊന്നു വിവരങ്ങളാണ് സൌദിയിലെ റജിസ്ട്രേഷൻ നടപടിക്കായി കൈമാറേണ്ടത്. ബഹ്റൈനിലെ റജിസ്ട്രേഷനു പതിമൂന്നു വിവരങ്ങൾ കൈമാറണം.

സ്വന്തം ചെലവിൽ 14 ദിവസം ക്വാറൻറീനിൽ കഴിയാമെന്ന സമ്മതം നൽകിയാണ് റജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. ഇന്ത്യ ഇൻ സൗദി അറേബ്യ, ഇന്ത്യ ഇൻ ബഹ്റൈൻ എന്നീ ഔദ്യോഗിക ട്വിറ്റർ പേജുകളിലെ ലിങ്ക് വഴി റജിസ്ട്രേഷൻ നടത്താം. ലിങ്കുകൾ ഔദ്യോഗിക വെബ്സൈറ്റിലും ഉടൻ പ്രസിദ്ധീകരിക്കും. യുഎഇയിൽ സാങ്കേതിക തകരാർ പരിഹരിച്ചു റജിസ്ട്രേഷൻ നടപടികൾ ഉടൻ പുനരാരംഭിക്കുമെന്നു അധികൃതർ അറിയിച്ചു.

അതേസമയം, ഇന്ത്യയിലേക്കു എന്നു പോകാൻ കഴിയും വിമാനസർവീസ് എന്നു പുനരാരംഭിക്കും എന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രസർക്കാർ നിർദേശപ്രകാരം അറിയിക്കുമെന്നും എംബസികൾ വ്യക്തമാക്കി. ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ പ്രവാസിഇന്ത്യക്കാരുടെ റജിസ്ട്രഷൻ നേരത്തേ തുടങ്ങിയിരുന്നു. കുവൈത്തിൽ മാത്രമാണ് ഔദ്യോഗികമായി റജിസ്ട്രഷൻ ഇനിയും തുടങ്ങിയിട്ടില്ലാത്തത്.

Related Articles

Leave a Reply

Back to top button