വൈത്തിരി: കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വേകാന്‍ സൈക്കിളില്‍ രണ്ടു വിദ്യാര്‍ഥിനികളുടെ സാഹസികയാത്ര.
ടൂറിസം വിദ്യാര്‍ഥിനികളായ പത്തനംതിട്ട സ്വദേശി പാര്‍വതി ദാസും (21) എറണാകുളം സ്വദേശി മീര കാജനുമാണ് (24) തിരുവനന്തപുരത്തെ പൂവാറില്‍നിന്നു പത്തുദിവസം സൈക്കിളില്‍ യാത്ര ചെയ്ത് വയനാട്ടിലെത്തിയത്. ഒരു വര്‍ഷമായി സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല വലിയ പ്രതിസന്ധിയിലാണ്.
തങ്ങളുടെ സൈക്കിള്‍ യാത്ര ടൂറിസത്തിന് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. പൂവാറില്‍നിന്ന് തുടങ്ങിയ സൈക്കിള്‍ യാത്ര കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ചുരം കയറിയത്. സ്ത്രീ സുരക്ഷയും മുഖ്യലക്ഷ്യമാണ്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭയമില്ലാതെ നാട്ടിലിറങ്ങി സഞ്ചരിക്കാനും ഓരോ സ്റ്റാര്‍ട്ടപ്പുകള്‍ക്കും യുവജനങ്ങള്‍ക്കിടയില്‍ പ്രചോദനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് യാത്രയെന്ന് മീരയും പാര്‍വതിയും പറയുന്നു. യാത്രക്കിടെ ഇരുപതോളം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ ടൂറിസം കൊച്ചി, സ്ട്രെയിന്‍ ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിവിധ ടൂറിസം ഏജന്‍സികളുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. ഈ മാസം ഏഴിന് പൂവാര്‍ ഐലന്റ് റിസോര്‍ട്ടില്‍നിന്നാണ് യാത്ര തുടങ്ങിയത്.
തളിപ്പുഴ പൂക്കോട് തടാകം ജങ്ഷനില്‍ ഇരുവര്‍ക്കും വയനാട് ടൂറിസം അസോസിയേഷന് വൈത്തിരി സ്വീകരണം നല്കി. അസോസിയേഷന് ജില്ല പ്രസിഡന്റ് അലി ബ്രാന്, താലൂക്ക് പ്രസിഡന്റ് എ.ഒ. വര്‍ഗീസ് എന്നിവര്‍ ഫ്ലാഗ് ഓഫ് ചെയ്തു. കെ.വി. ഫൈസലും സെയ്ത് അലവിയും ഉപഹാരം നല്കി. മനോജ്, പ്രെബിത, നിസാറുദ്ദീന്‍, രിനാഥ്, കാസ്റ്റില്‍, ഫ്ലോറി റാഫേല്‍ എന്നിവര്‍ സംസാരിച്ചു. സുമ പള്ളിപ്രം സ്വാഗതവും സൈഫുള്ള നന്ദിയും പറഞ്ഞു.