IndiaLatest

കൊറോണ ഭീതി കൂടാതെ ഇനി ആകാശയാത്ര തുടരാം

“Manju”

സിന്ധുമോൾ. ആർ

കണ്ണൂര്‍: കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ ലോക്ക്ഡൗണിലേക്ക് പോയതോടെ നിശ്ചലമായിപ്പോയ ലോകം. യാത്രകളില്ല, ആര്‍ക്കും പുറത്തിറങ്ങാനാവാത്ത അവസ്ഥ. കര്‍ശന നിയന്ത്രണങ്ങളോടെ ഇളവുകള്‍ വന്നതോടെ എല്ലാം സാധാരണ നിലയിലേക്കെന്ന് പ്രതീക്ഷിച്ചു. കോവിഡ് വാക്‌സിനുകള്‍ എത്തുന്നത് അതിജീവനത്തിന് വലിയ പ്രതീക്ഷയും നല്‍കി. എന്നാല്‍ അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വൈറസുകള്‍ പടരാന്‍ തുടങ്ങിയതോടെ വീണ്ടും ഭീതി.

വിദേശ രാജ്യങ്ങളിലേക്കടക്കമുള്ള വിദേശയാത്രകള്‍ വീണ്ടും മുടങ്ങുമോ എന്നതായി ആശങ്ക. എന്നാല്‍ അതിജീവനത്തിന് പുതിയ മാര്‍ഗം തേടുകയാണ് വിമാന കമ്ബനികള്‍. ആകാശയാത്രയിലെ ആശങ്കകളൊഴിവാക്കാന്‍ അണുനശീകരണത്തിന് റോബട്ടുകളെ നിയോഗിച്ചിരിക്കുകയാണ് എയര്‍ഇന്ത്യ എക്സ്‌പ്രസ്. അള്‍ട്രാവയലറ്റ് ലൈറ്റുകളുടെ സഹായത്തോടെയാണ് അണുനശീകരണം. രോഗകാരികളായ ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് അള്‍ട്രാ വയലറ്റ് സംവിധാനമെന്നും ഇതിന് എന്‍എബിഎല്‍ (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍) ലാബിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എയര്‍ഇന്ത്യ എക്സ്‌പ്രസ് അധികൃതര്‍ അറിയിച്ചു.

ശുചീകരണ ജീവനക്കാര്‍ കൈകള്‍കൊണ്ടു വൃത്തിയാക്കുമ്പോള്‍ അണുമുക്തമാകാന്‍ സാധ്യതയില്ലാത്ത ഭാഗങ്ങളും പൂര്‍ണമായും അണുമുക്തമാക്കാന്‍ ഇതിലൂടെ സാധിക്കും. സീറ്റുകളുടെ അടിവശം, ബാഗേജ് കംപാര്‍ട്‌മെന്റ്, കോക്ക് പിറ്റ്, സീറ്റുകള്‍ക്കു മുകളിലെ സ്വിച്ച്‌ ബോര്‍ഡുകള്‍ തുടങ്ങി വിമാനത്തിന്റെ എല്ലാ കോണുകളിലും ഫലപ്രദമായി ചെന്നെത്തി റോബട്ടിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ അണുമുക്തമാക്കും. എയര്‍ഇന്ത്യ എക്സ്‌പ്രസ് സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും വൈകാതെ ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വിമാനങ്ങള്‍ ശുചിയാക്കാനും അണുമുക്തമാക്കാനും റോബട് സാങ്കേതിക വിദ്യയുടെ സഹായം തേടുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയാണ് എയര്‍ഇന്ത്യ എക്സ്‌പ്രസ്. കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്സ്‌പ്രസിന്റെ ബോയിങ് 737-800 വിമാനമാണ് ആദ്യമായി റോബട് അണുമുക്തമാക്കിയത്. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ എയര്‍ഇന്ത്യ സാറ്റ്‌സിന്റെ സഹകരണത്തോടെയാണ് ശുചീകരണം നടത്തുന്നത്. യാത്രക്കാരും വിമാനജീവനക്കാരും സ്പര്‍ശിക്കാന്‍ സാധ്യതയുള്ള എല്ലാ ഭാഗങ്ങളും ശുചിയാക്കാനും അണുമുക്തമാക്കാനും യുവി റോബട്ടുകള്‍ക്കു കഴിയുമെന്ന് എയര്‍ഇന്ത്യ എക്സ്‌പ്രസ് അധികൃതര്‍ അവകാശപ്പെട്ടു. റോബട്ടിന്റെ ഇരുവശത്തുമായി കൈകള്‍ പോലെ ഘടിപ്പിച്ച ഭാഗത്തെ യുവി ലൈറ്റുകളിലൂടെ സീറ്റുകളും കൈപ്പിടികളും വിന്‍ഡോ ഭാഗവുമെല്ലാം ശുചിയാക്കാം.

Related Articles

Back to top button