Uncategorized

പുലി പശുക്കിടാവിനെ കൊന്ന് മരത്തില്‍ തൂക്കി

“Manju”

 

ചാലക്കുടി: കാലടി പ്ലാന്റേഷന്‍ കോര്‍പറേഷന്റെ വെറ്റിലപ്പാറയിലെ കശുമാവിന്‍ തോട്ടത്തില്‍ പുലി, പശുക്കിടാവിനെ വകവരുത്തി മരത്തിനു മുകളിലെത്തിച്ചു. അതിരപ്പിള്ളി ഒന്നാം ബ്ലോക്കില്‍ പള്ളിക്ക് പിന്‍ഭാഗത്തെ വലിയ മരക്കൊമ്പിലാണ് പശുക്കുട്ടിയുടെ ജഡം കണ്ടത്. ഇന്നലെ രാവിലെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് ആദ്യം കണ്ടത്.

മരത്തിനു മുകളിലിരുന്ന് പശുവിനെ ഭക്ഷിക്കുന്ന പുലിയ കണ്ട തൊഴിലാളികള്‍ ആദ്യം അമ്പരന്നു പിന്‍മാറി. തുടര്‍ന്ന് കൂടുതല്‍ തൊഴിലാളികളെത്തി ശബ്ദം ഉണ്ടാക്കിയപ്പോള്‍ പുലി ഇറങ്ങി ഉള്‍ക്കാട്ടിലേക്ക് ഓടിപ്പോയി. വഞ്ചിക്കടവ് പരിസരത്തെ കാര്‍ത്തുവിന്റേതാണ് പശു.
വീട്ടുമുറ്റത്തു നിന്ന പശുവിനെ കൊന്ന് പുലി കൊണ്ടുപോയത് കാര്‍ത്തു അറിഞ്ഞിരുന്നില്ല. സംഭവത്തോടെ തോട്ടം തൊഴിലാളികള്‍ അങ്കലാപ്പിലാണ്. ഏതാനും മാസങ്ങളായി പുലിശല്യത്തിന് കുറവുണ്ടായിരുന്നു. ആറുവര്‍ഷം മുമ്ബും പതിനഞ്ചാം ബ്ലോക്കില്‍ ഇത്തരത്തില്‍ മരത്തിനു മുകളില്‍ ചത്ത പശുവിനെ കണ്ടെത്തിയിരുന്നു. അന്ന് പുലിയെ കണ്ടെത്താനായിരുന്നില്ല. പ്ലാന്റേഷന്‍ കൃഷിയിടങ്ങളില്‍ ആനശല്യവും പതിവാണ്. വിവരമറിഞ്ഞ് അതിരപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പുഴയോരത്ത് ചീങ്കണ്ണിയുടെ തൊട്ടടുത്ത് നിന്ന് വസ്ത്രം കഴുകിയതിലൂടെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരം ലഭിച്ചയാളാണ് പശുവിന്റെ ഉടമ കാര്‍ത്തു.

Related Articles

Back to top button