LatestThiruvananthapuram

ക്ഷേമ നിധി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു

“Manju”

തിരുവനന്തപുരം: ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള കോവിഡ് ധന സഹായത്തിനും പെന്‍ഷനുമടക്കം ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഒന്നിലധികം ക്ഷേമനിധികളില്‍ ആനുകൂല്യം പറ്റുന്നത് ഒഴിവാക്കുന്നതിനും ഇരട്ടിപ്പ് തടയുന്നതിനുമാണ് ആധാര്‍ അധിഷ്ഠിത സൂക്ഷ്മ പരിശോധന കര്‍ശനമാക്കിയത്. ഏറ്റവും ഒടുവില്‍ അഞ്ച് ബോര്‍ഡുകളില്‍ പ്രഖ്യാപിച്ച 1000 രൂപയുടെ കോവിഡ് ധന സഹായ വിതരണ ഉത്തരവില്‍ ഇക്കാര്യം പ്രത്യേക നിബന്ധനയായി ചേര്‍ത്തിട്ടുണ്ട്.
തുക അനുവദിക്കുന്നതിന് മുന്‍പ് ലേബര്‍ കമീഷണറോ ബന്ധപ്പെട്ട ക്ഷേമനിധികളോ ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഒരേ ആളുകള്‍ക്ക് തന്നെ പല ബോര്‍ഡുകളില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഒരു ബോര്‍ഡില്‍ തന്നെ ഒരേ പേരില്‍ രണ്ടും മൂന്നും രജിസ്ട്രേഷനുമുണ്ടാകാറുണ്ട്. മറ്റു പരിശോധനകളില്ലാതെ ധനസഹായം അനുവദിക്കുന്ന സ്ഥിതിയുണ്ടാല്‍ ഇരട്ടിപ്പുണ്ടാകുമെന്നത് കണക്കിലെടുത്താണ് ആധാര്‍ നിര്‍ബന്ധമാക്കിയത്.
തൊഴില്‍ വകുപ്പിന് കീഴിലെ സേവന പോര്‍ട്ടല്‍ വഴിയാണ് നിലവില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത്. പല ക്ഷേമനിധി ബോര്‍ഡുകളും നേരത്തെ തന്നെ ആധാര്‍ കൂടി ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അങ്ങെനയല്ലാത്ത അംഗത്വങ്ങളുമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഓരോരുത്തരുടേതും ലേബര്‍ കമീഷണറേറ്റില്‍ ഓണ്‍ലൈനായി സൂക്ഷ്മപരിശോധന നടത്തി ഇരട്ടിപ്പില്ലെന്ന് ഉറപ്പുവരുത്തുകയാണ്.
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെട്ടിട തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോേട്ടാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അടക്കം തനത് ഫണ്ടില്‍ നിന്ന് ആനുകൂല്യം നല്‍കാന്‍ ശേഷിയുള്ള അഞ്ചു ബോര്‍ഡുകളില്‍ നിന്നാണ് സഹായം നല്‍കിയ തുടങ്ങിയത്. ഈ ബോര്‍ഡുകള്‍ 8.5 ലക്ഷം പേര്‍ക്ക് ഇതിനകം 1000 രൂപ ധനസഹായം നല്‍കിക്കഴിഞ്ഞു. ആകെ ക്ഷേമനിധി ബോര്‍ഡുകളിലായി 30 ലക്ഷത്തോളം അംഗങ്ങളുണ്ടെന്നാണ് കണക്ക്. ഒന്നാം കോവിഡ് കാലത്തെ 27 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം നല്‍കിയത്. അംഗത്വം പുതുക്കലടക്കം അംഗസംഖ്യ ഇക്കുറി കൂടാനാണ് സാധ്യത.

Related Articles

Back to top button