KeralaLatestThiruvananthapuram

‘ചെത്തുകാരന്റെ മകനെന്നത് അഭിമാനം’ മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ചെത്തുകാരന്റെ മകന്‍ ആണെന്ന് പറയുന്നത് അഭിമാനമുള്ള കാര്യമാണെന്നും അത് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ തനിക്കെതിരെ നടത്തിയ ജാതീയ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്‍ തന്നെ ആക്ഷേപിച്ചതായി കരുതുന്നില്ലെന്നും പരാമര്‍ശത്തില്‍ അപമാനമോ ജാള്യതയോ തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തന്റെ അച്ഛനും സഹോദരനും ചെത്തുതൊഴിലാളികള്‍ തന്നെയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘തെറ്റായ കാര്യമായി ഞാന്‍ കാണുന്നില്ല. ചെത്തുകാരന്റെ മകനാണ് ഞാനെന്നത് ഞാന്‍ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്റെ മൂത്ത ജ്യേഷ്ഠന്‍ ചെത്തുകാരനായിരുന്നു. അദ്ദേഹം ഏകദേശം ആരോഗ്യമുള്ളിടത്തോളം വരെ ചെത്തുകാരനായി തന്നെ ജീവിച്ചിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠനും ചെത്തുതൊഴില്‍ അറിയാമായിരുന്നു. പക്ഷെ, അദ്ദേഹംപിന്നെ ബേക്കറി ജോലിയിലേക്കാണ് മാറിയത്. അതായിരുന്നു എന്റെ കുടുംബപശ്ചാത്തലം. അപ്പൊ അത്, ഒരു അഭിമാനമുള്ള കാര്യമായാണ് ഞാന്‍ കാണുന്നത്. യഥാര്‍ത്ഥത്തില്‍ കര്‍ഷകരുടെ കുടുംബമാണ്. ചെത്തുതൊഴിലാളിയുടെ മകനെന്നത് ഏതെങ്കിലും തരത്തില്‍ അപമാനമായി കാണുന്നില്ല.’-മുഖ്യമന്ത്രി പറയുന്നു.
സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ വന്ന കാലം തൊട്ട് തനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് തന്നെയും അറിയാവുന്നതാണെന്നും ചെത്തുകാരന്റെ മകന്‍ എന്നുവിളിച്ചുകൊണ്ട് അദ്ദേഹം തന്നെ ആക്ഷേപിച്ചതായി കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതെങ്ങനെയാണ് ആക്ഷേപമായി വരികയെന്നും താന്‍ ചെത്തുകാരന്റെ മകന്‍ തന്നെയാണല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. മറ്റേതെങ്കിലും ദുര്‍വൃത്തിയില്‍ ഏര്‍പ്പെട്ട മകനാണെന്ന് അത് ജാള്യതയായി വരുമെന്നും ആ പ്രശ്നം ഇവിടെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button