IndiaLatest

കോൺഗ്രസ്- ശിരോമണി അകാലിദൾ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു

“Manju”

ഛണ്ഡീഗഡ് : പഞ്ചാബിൽ കോൺഗ്രസ്- ശിരോമണി അകാലി ദൾ (എസ്എഡി) പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ രണ്ട് ശിരോമണി അകാലിദൾ പ്രവർത്തകർ കൊല്ലപ്പെട്ടു. മോഗ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഇരു പാർട്ടികളും തമ്മിൽ ഏറ്റുമുട്ടിയത്.

ജില്ലയിലെ ഒൻപതാം വാർഡിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. കോൺഗ്രസ് സ്ഥാനാർത്ഥി ഹർവീന്ദർ കൗറിന്റെ അനുയായികളും, എസ്എഡി സ്ഥാനാർത്ഥി കുൽവീന്ദർ കൗറിന്റെ അനുയായികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്എഡി ആരോപിച്ചു. പ്രകോപിതരായിരുന്ന കോൺഗ്രസ് പ്രവർത്തകർ പ്രചാരണ വാഹനത്തിന് നേരെ കല്ലെറിയുകയും നേതാക്കളെ ആക്രമിക്കുകയും ചെയ്തു. തുടർന്നാണ് തിരിച്ച് ആക്രമിച്ചതെന്നും എസ്എഡി വ്യക്തമാക്കി.

എസ്എഡി പ്രവർത്തകരെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവാണ് കൊലപ്പെടുത്തിയത്. സംഘർഷത്തിനിടെ നിലത്ത് വീണ പ്രവർത്തകർക്ക് മുകളിലൂടെ ഇയാൾ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.

ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കേയാണ് മോഗയിൽ ഇരു പാർട്ടിയും തമ്മിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ ഏതാനും നാളുകളായി പഞ്ചാബിൽ കോൺഗ്രസ്- എസ്എഡി പാർട്ടികൾ തമ്മിലുള്ള സംഘർഷം തുടരുകയാണ്. കഴിഞ്ഞ മാസം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയ എസ്എഡി അദ്ധ്യക്ഷൻ സുഖ് ബീർ സിംഗ് ബാദലിന്റെ വാഹനവ്യൂഹം കോൺഗ്രസ് പ്രവർത്തകർ തകർത്തിരുന്നു.

Related Articles

Back to top button