Kerala

കത്വ ഫണ്ട് തട്ടിപ്പ് ; ഫിറോസിനേയും സുബൈറിനേയും ചോദ്യം ചെയ്യും

“Manju”

കോഴിക്കോട് : കത്വ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാക്കളെ ചോദ്യം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയും, ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറിനെയുമാണ് ചോദ്യം ചെയ്യുക. ഇരുവർക്കുമെതിരെ കഴിഞ്ഞ ദിവസം കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളെ ചോദ്യം ചെയ്യുന്നത്.

യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലത്തിന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും വിജിലൻസിനും എൻഫോഴ്‌സ്‌മെന്റിനും പരാതി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം.

2018 ൽ കത്വ, ഉന്നാവോ എന്നിവിടങ്ങളിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് നൽകാനെന്ന പേരിൽ സമാഹരിച്ച സംഭാവനയിൽ നിന്നും 15 ലക്ഷം രൂപ വകമാറ്റിയെന്നാണ് ഇരുവർക്കുമെതിരായ കേസ്. സി.കെ സുബൈറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പി.കെ ഫിറോസ് രണ്ടാം പ്രതിയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420ാം വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്.

Related Articles

Back to top button