Latest

പിവി അൻവറിനെതിരെ നടപടിയില്ലാത്തതെന്തുകൊണ്ട്; ഹൈക്കോടതി

“Manju”

കൊച്ചി: ഭൂപരിഷ്‌ക്കരണ ചട്ടം ലംഘിച്ചിട്ടും പിവി അൻവർ എംഎൽഎക്കെതിരെ നടപടി സ്വീകരിക്കാത്തതെന്തുകൊണ്ടാണെന്ന് സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. ഒരാഴ്ച്ചയ്ക്കകം ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പി വി അൻവറിനെതിരെ നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലം അനുസരിച്ച് പി വി അൻവറിന്റേയും കുടുംബത്തിന്റേയും കൈവശം ഏകദേശം 207 ഏക്കർ ഭൂമിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഭൂരഹിതനായ മലപ്പുറം സ്വദേശി കെ വി ഷാജി ലാൻഡ് ബോർഡിനെ സമീപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോധ്യപ്പെടുകയും ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചതിന് അൻവറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് ബോർഡ് താലൂക്ക് അധികൃതർക്കും റവന്യു ഡിപ്പാർട്ട്‌മെന്റിനും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

2017 ൽ ഇത് സംബന്ധിച്ച് ഉത്തരവ് വന്നിട്ടും തുടർ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സർക്കാർ അദ്ദേഹത്തെ സഹായിക്കുകയാണെന്നായിരുന്നു ഷാജിയുടെ പരാതിയിൽ ആരോപിച്ചിരുന്നത്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നു വർഷമായിട്ടും എന്തുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാത്തതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ലാൻഡ് ബോർഡ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

Related Articles

Check Also
Close
  • …..
Back to top button