India

ക്ഷേത്ര നവീകരണത്തിനായി 1000 കോടി; ഇന്ധന വില കുറയ്ക്കും; പ്രകടന പത്രിക പുറത്തുവിട്ട് ഡിഎംകെ

“Manju”

ചെന്നൈ : അധികാരത്തിലേറിയാൽ ഹിന്ദു ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ). ക്ഷേത്ര പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി 1000 കോടി രൂപ അനുവദിക്കുമെന്ന് ഡിഎംകെ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഡിഎംകെയുടെ പ്രഖ്യാപനം.

സംസ്ഥാനത്തെ ഇന്ധന വില കുറയ്ക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും, ഡീസലിന് നാല് രൂപയും കുറയ്ക്കും. സബ്‌സിഡിയോട് കൂടിയ പാചക വാതകത്തിന് 100 രൂപ കുറയ്ക്കും. ആവിൻ പാലിന്റെ വില കുറയ്ക്കും. റേഷൻകാർഡുടമകൾക്ക് നാലായിരം രൂപയുടെ സഹായം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

നിയമസഭാ നടപടിക്രമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും. തിരുക്കുറൽ ദേശീയ പുസ്തകം ആക്കുന്നതിനായി പ്രവർത്തിക്കും, തെരുവിൽ കഴിയുന്നവർക്കായി രാത്രികാല വസതികൾ നിർമ്മിയ്ക്കും, സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ ഡാറ്റയോട് കൂടിയ ടാബ്‌ലെറ്റുകൾ കൈമാറുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

കർഷക ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും ഡിഎംകെ പ്രകടന പത്രികയിൽ പറയുന്നുണ്ട്. കൃഷി ആവശ്യത്തിന് മോർട്ടറുകൾ വാങ്ങിക്കാൻ കർഷകർക്ക് 10,000 രൂപ വീതം സഹായം അനുവദിക്കും. സംസ്ഥാനത്ത് 500 കലൈഞ്ജർ ഭക്ഷണ ശാലകൾ കൂടി സ്ഥാപിക്കും. പള്ളികളുടെയും മസ്ജിദുകളുടെയും നവീകരണങ്ങൾക്കായി 200 കോടി രൂപ അനുവദിക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

വാർത്ത സമ്മേളനത്തിൽ ഡിഎംകെ സംസ്ഥാന അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ ആണ് പ്രകടന പത്രിക പുറത്തുവിട്ടത്.

Related Articles

Back to top button