KeralaLatest

കൽപ്പറ്റയിലെ വാഹനാപകടം: ആഘാതത്തിൽ ബഹുനിലക്കെട്ടിടം ചരിഞ്ഞു

“Manju”

വയനാട്: ഇന്നലെ പുലർച്ചെ നാലിന് വെള്ളാരം കുന്നിലുണ്ടായ വാഹനാപകടവും തുടർന്നുണ്ടായ സംഭവവും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരിയാൻ തുടങ്ങിയ ബഹുനില കെട്ടിടവും, സമീപത്തെ പെട്രോൾ പമ്പും ജനങ്ങളുടെ ഭീതി വർദ്ധിപ്പിച്ചു. എന്നാൽ സർവ്വ മുന്നൊരുക്കങ്ങളുമെടുത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ വലിയ ദുരന്തം ഒഴിവാക്കാൻ രക്ഷാ പ്രവർത്തകർക്ക് സാധിച്ചു. ഇന്ന് പുലർച്ചെവരെ നീണ്ടു രക്ഷാപ്രവർത്തനം.

തിങ്കളാഴ്ച പുലർച്ചെ നാല് മണിക്കാണ് അപകടം ഉണ്ടായത്. സമിന്റുമായി ചുരം കയറിയെത്തിയ ലോറി വെള്ളാരം കുന്നിന് സമീപം ടെമ്പോ ട്രാവലറിലും യൂസഡ് കാർ ഷോറൂമിൽ നിർത്തിയിട്ട കാറുകളിലും ഇടിച്ചതിന് ശേഷം ബഹുനില കെട്ടിടത്തിലേക്ക് ഇടിക്കുകയായിരുന്നു. ഇതോടെയാണ് കെട്ടിടം പതിയെ ചരിയാൻ തുടങ്ങിയത്. പ്രദേശത്തെ ആറ് വൈദ്യുത പോസ്റ്റുകളും തകർന്നു. കോടികളുടെ നാശനഷ്ടമാണ് അപകടത്തിൽ ഉണ്ടായത്.

ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിശമന സേനയെത്തിയാണ് രക്ഷിച്ചത്. കെട്ടിടത്തിന് ഉള്ളിലേക്ക് കയറി കാബിന്റെ ഭാഗങ്ങൾ മുറിച്ച് മാറ്റിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി പങ്കാളിയായി. അപകടത്തിൽ തലകീഴായി മറിഞ്ഞ ടെമ്പോ ട്രാവലറിൽ 16 യാത്രക്കാരുണ്ടായിരുന്നു. അവരെ നിസ്സാരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ തകർന്നത് വിന്റ് ഗേറ്റ് എന്ന ടൂറിസ്റ്റ് ഹോം കെട്ടിടമായിരുന്നു. ആദ്യമൊക്കെ കെട്ടിടം പുനർനിർമ്മാണം നടത്തി വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഉടമകളായ പള്ളത്ത് അബ്ദുൾ സലീമും പാനൂർ കെടി റിയാസും. 2016ലാണ് കെട്ടിടം പണിതത്. മൂന്ന് കോടിയോളം നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടാകുന്ന സമയത്ത് രണ്ട് ജീവനക്കാർ കെട്ടിടത്തിലുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടില്ല.

മൂന്ന് തൂണുകൾ ഇടിയുടെ ആഘാതത്തിൽ തകർന്നതോടെയാണ് കെട്ടിടം ചരിയാൻ തുടങ്ങിയത്. കെട്ടിടം പൂർണമായും ചരിഞ്ഞ് വീഴാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തൽ ആശങ്ക ഉയർത്തി. കെട്ടിടത്തിന് മുന്നിലെ ഗതാഗതവും ഇതോടെ നിരോധിച്ചിരുന്നു. തുടർന്ന് കെട്ടിടം പൂർണമായും പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു. വൈകിട്ട് ആറുമണിയോടെയാണ് കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. ഇത് ഇന്ന് പുലർച്ചെ നാല് മണിവരെ നീണ്ടു.

Related Articles

Back to top button