IndiaKeralaLatest

ഇന്ന് മുതല്‍ തിയറ്ററുകളില്‍ ‘ബിരിയാണി’

“Manju”

 

പാലക്കാട്: വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി ഇന്ന് മുതൽ തിയറ്ററുകളില്‍. പ്രേക്ഷകരുടെ ഉള്ള് പൊള്ളിക്കുന്ന പ്രമേയവും അവതരണവുമാണ് ബിരിയാണിയുടേത്. ഒരു സാധാരണ പിന്നാക്ക മുസ്ലിം സ്ത്രീയുടെ ജീവിതത്തെ ഫോക്കസിൽ നിർത്തി മതം എങ്ങനെയാണ് ഒരു സ്ത്രീയുടെ ഗാർഹിക ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ലൈംഗിക ജീവിതത്തെയും ‘സ്പർശിക്കുന്നത്’ എന്ന് ബിരിയാണി കാണിച്ചു തരുന്നു.

ഏകപക്ഷീയമായല്ല, ബഹുതല രാഷ്ട്രീയവായനാ സാധ്യതയോടെ തന്നെ. ഫോക്കസിൽ മുസ്ലീം സ്ത്രീ ആണെങ്കിലും മത വിമർശനവും നവീകരണവും മാത്രമല്ല ബിരിയാണി ലക്ഷ്യം വെക്കുന്നത്. മലയാളസിനിമ ഒരിക്കലും കാണിക്കാത്ത ധീരതയോടെയാണ് സജിൻ ബാബു സിനിമയുടെ വ്യത്യസ്ത ആവിഷ്ക്കാരത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

കനി കുസൃതിയാണ് സിനിമയിലെ നായികയായ കദീജ. ഇതിലെ അഭിനയത്തിന് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മതപരമായ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതുന്ന സ്ത്രീയെയാണ് കനി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈയിടെ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

കഥയും തിരിക്കഥയും രചിച്ചിരിക്കുന്നത് സജിന്‍ ബാബു തന്നെയാണ്. യുഎഎന്‍ ഫിലിം ഹൗസ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് മുത്തുകുമാറും സംഗീത സംവിധാനം ലിയോ ടോമും ചിത്രസംയോജനം അപ്പു എന്‍. ഭട്ടതിരിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

2020 മുതല്‍ 50-ലേറെ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ബിരിയാണിക്ക് 20-ഓളം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഈയടുത്ത് നടന്ന ഐഎഫ്എഫ്‌കെയില്‍ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ച പ്രതികരണം വളരെ പ്രചോദനകരമായിരുന്നു. മേളയില്‍ പ്രദര്‍ശിപ്പിച്ച എല്ലാ ഷോയും ഹൗസ് ഫുള്ളായിരുന്നു.

തിയറ്ററുകളിലും ബിരിയാണി സമാനമായി സ്വീകരിക്കുപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സജിന്‍ ബാബു പറഞ്ഞു. റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലാണ് ബിരിയാണി ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

Related Articles

Back to top button