KeralaLatest

തലമുറകൾക്ക് വേണ്ടിയുള്ളതാണ് ശ്രീകരുണാകരഗുരുവിന്റെ ദർശനങ്ങൾ – ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള

“Manju”

പോത്തൻകോട് (തിരുവനന്തപുരം) : നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആത്മീയ ദർശനങ്ങൾ ഇന്നത്തെ തലമുറയ്ക്ക് മാത്രമുള്ളതല്ല അത് വരുംതലമുറകൾക്ക് കൂടി വേണ്ടിയുള്ളതാണെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഭാരതത്തിന്റെ ആത്മീയതയുടെ അന്തസത്ത മുഴുവൻ സാംശീകരിച്ച് ജീവിതത്തിന്റെ പുതിയ പന്ഥാവ് കാട്ടിത്തന്ന അഭിനവ ആത്മീയ ഗുരുവാണ് ശ്രീകരുണാകരഗുരു. ഗുരുവിന്റെ ചിന്തകൾ ഒരു പ്രത്യേക തരത്തിൽ സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടിയുള്ളതാണെന്നും അതിന്റെ അടിത്തറ ആത്മീയതയാണെന്നും അദ്ധേഹം പറഞ്ഞു. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർന്മാൻ എം.എ. യൂസഫലി വിശിഷ്ടാതിഥിയായി. നവീനമായൊരു ആശയത്തെയാണ് ശ്രീകരുണാകരഗുരു ലോകത്തിന് നൽകിയത്. ശ്രീകരുണകരഗുരുവിന്റെ പേരിലുള്ള കരുണയാണ് ഗുരു സമൂഹത്തിന് നൽകിയത്. ആ കരുണ പലരിലും ഇല്ലാതെപോയി എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ലോകത്തിന്റെ ബഹുസ്വരതയ്ക്ക് ശാന്തിഗിരി നൽകുന്ന സംഭാവനകൾ അനന്യമാണെന്നും മതേതരത്വത്തിന് വേണ്ടി സംസാരിക്കുന്ന ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയോടും ആശ്രമത്തിലെ സന്യാസിമാരോടുമുള്ള സ്നേഹബന്ധത്തെ ഏറെ മൂല്യത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർനാന്റോ എം. പി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ്.ജെ. നെറ്റോ നവപൂജിതം സുവനീറിന്റെ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ഗുരുധർമ്മ പ്രകാശസഭ അംഗങ്ങൾ ചേർന്ന് ഗോവ ഗവർണറെയും ശ്രീലങ്കൻ മന്ത്രിയേയും എം.എ. യൂസഫലിയേയും ഉപഹാരം നൽകി ആദരിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിധ്യമായി. കേരള പോലീസ് സേനയിൽ 35 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കിയ ഫയർ ആൻഡ് റെസ്ക്യൂ സർവിസ്, ഹോം ഗാർഡ് & സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബി.സന്ധ്യ ഐ.പി.എസിന് നവപൂജിതം വേദിയിൽ പ്രത്യേക ആദരവ് നൽകി. ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആർ. പദ്മകുമാർ, സിന്ദുരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ.അനിൽ, ഡോ.കെ. ഓമനക്കുട്ടി, ഡോ.എം. കമലലക്ഷമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ഇന്റർനാഷണൽ ഓപ്പറേഷൻസ് വിഭാഗം ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി സ്വാഗതവും ഹെൽത്ത്കെയർ വിഭാഗം പേട്രൺ ഡോ.കെ.എൻ. ശ്യാമപ്രസാദ് കൃതജ്ഞതയും പറഞ്ഞു. നവപൂജിതം ആഘോഷങ്ങൾക്കും പ്രാർത്ഥനാ ചടങ്ങുകൾക്കും രാവിലെ 5മണിക്ക് സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാ‍ഞ്ജലിയോടെ തുടക്കമായി. 6 മണിക്ക് ധ്വജം ഉയര്‍ത്തൽ, തുടർന്ന് താമരപ്പർണ്ണശാലയിൽ പുഷ്പസമർപ്പണം, ഉച്ചയ്ക്ക് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും അന്നദാനവും നടന്നു.

Related Articles

Back to top button