IndiaLatest

ഹൈക്കോടതി കളമശ്ശേരിയിലേക്ക്

“Manju”

തിരുവനന്തപുരം: ഹൈക്കോടതി ഉൾപ്പെടെയുള്ള നിയമസ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തത്ത്വത്തിൽ തീരുമാനമായത്.

ഹൈക്കോടതിക്കുപുറമേ ജഡ്ജിമാരുടെ വസതികൾ, അഭിഭാഷകരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറലും കോടതിയുമായി ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരുടെയും ഓഫീസ്, ജുഡീഷ്യൽ അക്കാദമി തുടങ്ങിയ എല്ലാവിധ നിയമസംവിധാനങ്ങളും ഒരുമിച്ച് കൊണ്ടുവരുകയാണ് ജുഡിഷ്യൽ സിറ്റിയിലൂടെ ഉദ്ദേശിക്കുന്നത്. കളമശ്ശേരിയിലെ എച്ച്.എം.ടി.യുടെ സ്ഥലമാണ് ഇതിനായി ഉദ്ദേശിക്കുന്നത്. 25 ഏക്കർ ഇതിനായി വിനിയോഗിക്കാമെന്നാണ് പ്രാഥമിക ധാരണ. ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി വൈകാതെ സന്ദർശിക്കും.

ജുഡീഷ്യൽ സിറ്റിക്കുള്ള മാസ്റ്റർപ്ലാൻ തയ്യാറായിവരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനുശേഷം ഇത് അന്തിമമാക്കും. ഹൈക്കോടതി ജുഡീഷ്യൽ സിറ്റിയിലേക്ക് മാറ്റിയാൽ ആ സ്ഥാനത്ത് ജില്ലാ കോടതിയടക്കമുള്ള മറ്റുകോടതികൾക്ക് പ്രവർത്തിക്കാൻ സൗകര്യമൊരുക്കിയേക്കും. ജുഡീഷ്യൽ സിറ്റി സ്ഥാപനത്തിന്റെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രണ്ട് ജസ്റ്റിസുമാരും സർക്കാരിന്റെ ഭാഗത്തുനിന്ന് ചീഫ് സെക്രട്ടറി, നിയമ, ധന വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന സമിതി രൂപവത്കരിക്കും. ഇ-കോർട്ട് സംവിധാനത്തിന്റെ മൂന്നാംഘട്ടം തുടങ്ങാനും തീരുമാനമായി. ജില്ലകളിൽ കോടതികൾ നേരിടുന്ന സ്ഥലപരിമിതിപ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ കളക്ടർമാരെ ഉൾപ്പെടുത്തി സമിതി രൂപവത്കരിക്കും.

ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, എ.കെ. ജയശങ്കർ നമ്പ്യാർ, മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ചീഫ് സെക്രട്ടറി വി. വേണു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button