KeralaLatest

ഓണ്‍ലൈന്‍ ഗെയിം; പതിനൊന്നുകാരന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്‌തത്‌ 28,000 രൂപയ്‌ക്ക്‌

“Manju”

ചങ്ങരംകുളം: ഓണ്‍ലൈന്‍ ഗെയിമിന് വേണ്ടി നാലുമാസത്തിന് ഇടയില്‍ പതിനൊന്നുകാരന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്‌തത്‌ 28,000 രൂപയ്‌ക്ക്‌. വീട്ടില്‍ നിന്ന് പണം പതിവായി മോഷണം പോവുന്നത് തിരിച്ചറിഞ്ഞ് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ കളിഭ്രാന്ത് രക്ഷിതാക്കള്‍ അറിയുന്നത്. ഇതോടെ ചങ്ങരംകുളം ആലംകോട്ടെ മൊബൈല്‍ കടയിലെത്തിയ രക്ഷിതാക്കള്‍ കടക്കാരനെ മര്‍ദിച്ചു. വീട്ടില്‍നിന്നു നിരന്തരം പണം മോഷണം പോകുന്നതു സംബന്ധിച്ച അന്വേഷണത്തിനൊടുവില്‍ മൊബൈല്‍ റീച്ചാര്‍ജിങ്‌ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ സമീപത്തെ കടയിലെത്തി വീട്ടുകാര്‍ വിവരം അന്വേഷിച്ചു. ഇതു വാക്കേറ്റത്തില്‍ കലാശിച്ചതോടെ കടക്കാരനു വീട്ടുകാരുടെ അസഭ്യവര്‍ഷവും മര്‍ദനവുമേറ്റു.

ബഹളം സംഘര്‍ഷാവസ്‌ഥയില്‍ എത്തിയതോടെ ചങ്ങരംകുളം പോലീസെത്തി രംഗം ശാന്തമാക്കി. ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്. അന്വേഷണത്തില്‍ പതിനൊന്നുകാരന്റെ നിര്‍ദേശപ്രകാരം സുഹൃത്തായ മുതിര്‍ന്ന കുട്ടിയാണു റീച്ചാര്‍ജ്‌ ചെയ്‌തിരുന്നതെന്നു വ്യക്‌തമായി. ആവശ്യമുള്ള പണം പതിനൊന്നുകാരന്‍ വീട്ടില്‍നിന്ന്‌ മോഷ്‌ടിച്ചു നല്‍കും. മൊബൈലില്‍ ഗെയിം കളിക്കാനാണെന്നും പത്തും പതിനഞ്ചും പേര്‍ ഒരുമിച്ചാണ്‌ വലിയ തുകയ്‌ക്ക്‌ റീചാര്‍ജ്‌ ചെയ്തതെന്നാണ്‌ കടയിലെ ജീവനക്കാരനോടു പറഞ്ഞിരുന്നത്‌. കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്‌ പതിവാണെന്നും രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ്‌ മുന്നറിയിപ്പ്‌ നല്‍കി.

Related Articles

Back to top button