ന്യൂഡല്‍ഹി: ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും നല്ല നാളുകള്‍ നിങ്ങളില്‍ ഓരോരുത്തരിലും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നതായി ഇരുവരും പറഞ്ഞു. ഗണപതി ബപ്പ മോറിയ എന്ന സന്ദേശത്തോടെയാണ് പ്രധാനമന്ത്രി ആശംസകള്‍ ട്വിറ്ററില്‍ കുറിച്ചത്.
രാജ്യത്തെ ഒരുമയുടെ പാതയിലൂടെ നയിക്കാന്‍ ഭാരതത്തിന്റെ സാംസ്കാരിക ഉത്സവങ്ങള്‍ക്ക് സാധിക്കട്ടെ. എല്ലാവരുടെയും ഐശ്വര്യത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗണേശോത്സവ ആഘോഷം രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കപ്പെടുകയാണ്. കൂറ്റന്‍ ഗണേശ വിഗ്രഹങ്ങള്‍ ഒരുക്കി രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലുള്‍പ്പെടെ വലിയ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
കൊറോണ മഹാമാരിക്ക് ശേഷം രാജ്യം ഗണേശ ചതുര്‍ത്ഥി ആഘോഷം ഉള്‍പ്പെടെ നിരവധി ഉത്സവങ്ങള്‍ വിപുലമായി നടത്താനൊരുങ്ങുകയാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയെയും കൂടാതെ അമിത് ഷാ ഉള്‍പ്പെടെ നിരവധി കേന്ദ്ര മന്ത്രിമാരും എം എല്‍ എമാരും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും ഗണേശ ചതുര്‍ത്ഥി ആശംസകള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.